ഒന്നാം ക്ലാസിൽ ചേരുന്ന 47 ശതമാനം കുട്ടികൾ പത്താം ക്ലാസ് ആകുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു

April 18, 2022 - By School Pathram Academy

തിരുവനന്തപുരം: മുമ്പിൽ മനുഷ്യർ ആണെന്ന പരിഗണനയോടെ ഫയലുകൾ കൈകാര്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെഎഎസ് ട്രെയിനികൾക്കുള്ള ഓറിയന്റേഷൻ ക്ലാസിൽ “വകുപ്പിനെ അറിയുക’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമാണ് സംസ്ഥാനത്തുള്ളത്‌. ആകെയുള്ള കുടുംബങ്ങളിൽ 80 ശതമാനത്തിൽ കൂടുതൽ വീടുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ പൊതുവിദ്യാഭ്യാസ സംവിധാനം ബന്ധപ്പെട്ടുകിടക്കുന്നു. ശാസ്ത്രീയതയും മാനുഷികതയും ഒത്തുചേർന്നപ്പോഴാണ് കോവിഡ് കാലത്തും മികച്ച നേട്ടം കൈവരിക്കാനായത്. ദേശീയതലത്തിൽ നാലിൽ ഒരു കുട്ടി സ്കൂളിൽ എത്തുന്നില്ലെന്നു കാണാം. യുഎൻഡിപി തയ്യാറാക്കിയ ഏറ്റവും അവസാനത്തെ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ കുട്ടികളുടെ ശരാശരി സ്കൂളിങ് 6.5 വർഷമാണ്. ഒന്നാം ക്ലാസിൽ ചേരുന്ന 47 ശതമാനം കുട്ടികൾ പത്താം ക്ലാസ് ആകുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു.

കേരളത്തിൽ സ്കൂൾ പ്രായത്തിൽ എത്തുന്ന എല്ലാ കുട്ടികളും സ്കൂളുകളിൽ എൻട്രോൾ ചെയ്യുന്നുണ്ട്. എൻട്രോൾ ചെയ്യുന്ന ഏതാണ്ടെല്ലാവരും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നു. ദേശീയതലത്തിൽ അധ്യാപക നിയമനത്തിന് സ്കൂളാണ് യൂണിറ്റ് എങ്കിൽ കേരളത്തിൽ ക്ലാസ് ആണ്. ഓരോ ക്ലാസിലും പരിശീലനം സിദ്ധിച്ച അധ്യാപകരെ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

Category: News