ഒന്നാം ക്ലാസുകാരൻ ട്യൂഷനെ പേടിച്ച് രക്ഷിതാക്കളെയും നാട്ടുകാരെയും പോലീസിനെയും പറ്റിച്ച് ആരും കാണാതെ വീടിനുള്ളിൽ ഒളിച്ചിരുന്നു

ഒന്നാം ക്ലാസുകാരൻ ട്യൂഷനെ പേടിച്ച് രക്ഷിതാക്കളെയും നാട്ടുകാരെയും പോലീസിനെയും പറ്റിച്ച് ആരും കാണാതെ വീടിനുള്ളിൽ ഒളിച്ചിരുന്ന വാർത്ത കഴിഞ്ഞദിവസം പത്രങ്ങളിലൂടെ നാമെല്ലാവരും അറിഞ്ഞതാണല്ലോ.
അധികമാരും ആഘോഷിക്കാത്തൊരു വാർത്ത…
പക്ഷേ കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾ നിരന്തരം നേരിടുന്ന ഇത്തരം പീഢനങ്ങളാണ് ഭാവിയിൽ എന്തു ക്രൂരതയും കാട്ടാനുള്ള മാനസികാവസ്ഥയിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നത്…
കുട്ടികൾക്ക് ഇപ്പോൾ പല വിധ പേടികളാണ്… പരീക്ഷാ പേടി , ട്യൂഷൻ പേടി, ഗൃഹപാഠപ്പേടി …. കുട്ടികളെ പേടിപ്പിച്ചാൽ മാത്രമേ പഠനത്തിൽ മുന്നേറൂ എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു. എന്നതാണ് സത്യം…
ഒന്നാം ക്ലാസ് മുതൽ സിവിൽ സർവ്വീസ് കോച്ചിംഗ് കൊടുക്കാൻ കഴിയുമെങ്കിൽ അതിനും രക്ഷിതാക്കൾ ഇപ്പോൾ റെഡിയാണ്. കൂടാതെ അവരുടെ താല്പര്യവും കഴിവും പരിഗണിക്കാതെ പാട്ടും നൃത്തവും ചിത്രംവരയും കളരിയും കരാട്ടെയും ഒക്കെ പഠിപ്പിക്കും… ഇതിനും കുട്ടി സമയം കണ്ടെത്തണം… ആരാണ് ഇതിന് ഉത്തരവാദികൾ ? എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
പഠനമെന്നത് കുട്ടിയുടെ ചിന്തയുടെ ഭാഗമായ പ്രക്രിയയാണ് എന്ന് ഏവർക്കുമറിയാം… ഉന്മേഷമുള്ള സന്തോഷകരമായ മാനസികാവസ്ഥയിലുള കൂട്ടുകാർക്ക് മാത്രമേ പഠനത്തിൽ മികവ് കാട്ടാൻ കഴിയൂ.. അറിവിന്റെ അന്വേഷണം ഒരു ജാഗ്രതയുള്ള സ്വയം പ്രവർത്തനമായി അവർക്ക് അനുഭവപ്പെടണം… അതിന് സർഗാത്മക പഠനത്തിൻ്റെ വഴികളും മാതൃകകളും രക്ഷിതാവിന് ബോധ്യപ്പെടണം..
അത് ബോധ്യപ്പെടുത്തേണ്ട ചുമതല കൂടി അധ്യാപകനുണ്ട് ……
ഫിൻലൻ്റിലെ വിദ്യാഭ്യാസ രീതി ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു…. അതുകൊണ്ട് തന്നെ അവിടത്തെ വിദ്യാലയങ്ങളെ കുറിച്ചും ക്ലാസ് റൂം പഠനത്തെ കുറിച്ചും പഠനാന്തരീക്ഷം , ഭൗതിക സൗകര്യങ്ങൾ എന്നിവയെ കുറിച്ചും അന്വേഷണങ്ങൾ നടത്താറുണ്ട്…. ഇതേ കുറിച്ചുള്ള ധാരാളം വീഡിയോകളും മറ്റും വിവിധ നവമാധ്യമങ്ങളിൽ ഇപ്പോൾ ലഭ്യമാണ് …പുസ്തകങ്ങൾ വായിക്കാതെ തന്നെ ഇത്തരം കാര്യങ്ങൾ നമ്മുടെ കൺമുമ്പിലുണ്ട് …
അവിടെ നിശ്ചിത കഴിവ് നേടുന്നതിന് പര്യാപ്തമായ പ്രവർത്തനങ്ങൾ വിദ്യാലയം തന്നെ ഉറപ്പാക്കും… വീട്ടിലെത്തിയാൽ അര മണിക്കൂർ മാത്രമാണ് ഗൃഹപാഠത്തിനായി വേണ്ടി വരിക… അത് പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നെ കളിക്കാനും സ്വയം നിർണ്ണയ പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള സമയമാണ്. വീട്ടു ജോലികളിൽ അവർ മാതാപിതാക്കളെ സഹായിക്കും… വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികൾക്ക് പ്രഥമ പരിഗണന നൽകണമെന്നതും അലിഖിത നിയമമാണ് …
ഇതൊക്കെ കേൾക്കുമ്പോൾ ” ഫിൻലൻ്റ് മാതൃകയുമായി വന്നിരിക്കുന്നു ” എന്ന പുച്ഛത്തോടെയുള്ള സമീപനമാണ് നമ്മളിൽ പലർക്കും… സ്കൂളിലെ മടുപ്പിക്കുന്ന അന്തരീക്ഷവും ക്ലാസ് മുറിയിൽ അടഞ്ഞിരിക്കുന്ന രീതിയും തുടർന്ന് ട്യൂഷൻ ക്ലാസും വീട്ടിലെ ഗൃഹപാഠവും രക്ഷിതാക്കളുടെ നുള്ളും പിച്ചും അടിയും ആക്രോശവും ഒക്കെ ചേരുമ്പോൾ ഏതൊരു കുട്ടിയ്ക്കും പഠനം പീഢനമാവും…. പരീക്ഷകളിൽ പിന്നോക്കമായാൽ പിന്നെ ജീവിതം തന്നെ തുലഞ്ഞു എന്ന പ്രതീതി കുട്ടിയിൽ സൃഷ്ടിക്കപ്പെടും… ” ഒന്നു രക്ഷപ്പെട്ടാൽ മതി ” എന്ന ചിന്ത അവരിൽ ശക്തമാവും …
അവസരത്തിനായി അവർ കാത്തിരിക്കും… സ്വാത്രന്ത്ര്യം കിട്ടുന്ന മുറയ്ക്ക് അതുവരെ അടക്കി വച്ച അരിശം മുഴുവനും കൂട്ടുകാരോടും സമൂഹത്തോടും കുടുംബാംഗങ്ങളോടും അവൻ തീർക്കും..
ഇത്തരം പ്രതിഷേധങ്ങളുടെ ചെറു പതിപ്പാണ് ഈ വാർത്തയിലെ കുഞ്ഞിൻ്റെ ഒളിച്ചോട്ടം….
ഇത്തരം ചില അനുഭവങ്ങൾ നമുക്ക് പാഠമാക്കാം… കുട്ടിയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാം… ” ഒരു ട്യൂഷനുമില്ലാതെ തന്നെ എൻ്റെ ക്ലാസിലെ കൂട്ടുകാരുടെ പഠനത്തിന് വേണ്ടതെല്ലാം ഞാൻ ചെയ്യുന്നുണ്ട് ” എന്ന് ചങ്കുറപ്പോടെ രക്ഷിതാവിനോട് പറയാം…അവരെ ബോധ്യപ്പെടുത്താം… മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലാക്കുന്ന സമൂഹത്തോട് പകയുള്ള ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കാം….
പിൻകുറിപ്പ്:- “എൻ്റെ മോൾക്ക്….. വിഷയത്തിന് ട്യൂഷൻ വേണ്ട, അവളുടെ സ്കൂൾ ടീച്ചർ പഠിപ്പിക്കുന്നത് തന്നെ മതി ” ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്… ഒരു പ്രത്യേക വിഷയത്തോട് കുട്ടികൾക്ക് ഇഷ്ടം കൂടുന്നതിന് കാരണക്കാരായി മാറുന്ന ചില അധ്യാപകരുണ്ട് … അവരുടെ കഴിവിനെയും ആത്മാർത്ഥതയെയും പഠന വിഷയമാക്കുന്നതും മാതൃകയാക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായകമാവും.
ഈ വാർത്ത ശ്രദ്ധയിൽ പെടുത്തുകയും കുറിപ്പ് തയ്യാറാക്കുന്നതിന് ആവശ്യമായ ചിന്തകൾ പങ്കു വയ്ക്കുകയും ചെയ്ത തിരുവനന്തപുരം ഗവ. RILT യിലെ അധ്യാപികയായ ശ്രീമതി ശ്രീലത ടീച്ചർ , അധ്യാപക വിദ്യാർത്ഥികളായ അനു , ഷിബിന , അഞ്ജു,അന്ന, ശരണ്യ , അരുൺ എന്നിവർക്ക് നന്ദി….
തയ്യാറാക്കിയത്:
പ്രേംജിത്ത് മാഷ്
റിട്ടയർ ഹെഡ്മാസ്റ്റർ