ഒരാൾക്ക് ഇരുപത്തിയഞ്ച് വർഷം സർവ്വീസുണ്ടാകുക എന്നാൽ അർത്ഥം, ഒന്നാമത്തെ വർഷം ചെയ്തത് ബാക്കി ഇരുപത്തിനാല് വർഷവും ആവർത്തിച്ചു എന്നതാവരുത്
ക്ലാസ് മുറിയിൽ ചില കുട്ടികൾ അസാധാരണമായി മൗനികളായിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
കറുത്ത് മെലിഞ്ഞ് വിളറിയ മുഖമുള്ള അവർ ജന്മനാൽ മൗനികളായവരല്ല.
അമ്മയുടെ വയറ്റിൽ നിന്നും മറ്റുള്ളവരെപ്പോലെ എല്ലാവിധ ആരവാരങ്ങളോടും കൂടി ജനിച്ചു വീണവരാണവരും.
ജനിച്ചു വീണപ്പോൾ മാറ്റല്ലാവരെയും പോലെ ‘ഞാനും ഭൂമിയിലെത്തി’ എന്നറിയിക്കാൻ അവരും ഉറക്കെ കരഞ്ഞിരുന്നു.
കരച്ചിലടങ്ങുമ്പോൾ കുഞ്ഞുവായ് കാട്ടി ആകും വിധം ചിരിച്ച് നിറഞ്ഞിരുന്നു.
ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി കൈകാലിട്ടടിച്ചിരുന്നു.
പിന്നീട് എപ്പോഴാണവർ മൗനികളായത്❓
ആരാണവരെ മൗനികളാക്കിയത്❓
ഉത്തരം ലളിതമാണ്.
‘മുഖ്യധാര’ക്കാരുടെ സൗന്ദര്യ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നും അവരിലുണ്ടായിരുന്നില്ല.
ബോധം ഉറച്ച നാൾ മുതൽ നിറത്തിന്റെയും ദാരിദ്ര്യത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെട്ടവരായിരുന്നു അവർ.
സാംസ്കാരികമായ വിഭവപിന്തുണകളൊന്നും അവകാശപ്പെടാനില്ലാത്തവരായിരുന്നു അവർ.
എവിടെ ചെന്നാലും ആദ്യം ശ്രദ്ധിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ അവരുണ്ടായിരുന്നില്ല.
അധ്യാപകരാരും അവരെ പേരെടുത്ത് വിളിച്ച് ചേർത്തു നിർത്തിയിരുന്നില്ല.
ആദ്യമാദ്യം കൂട്ടത്തിലൊരാളായി ആത്മവിശ്വാസത്തോടെ നിന്നിരുന്ന അവർ പതുക്കെ പതുക്കെയാണ് പിന്നിലേക്ക് വലിഞ്ഞത്.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമൊക്കെ മുൻബെഞ്ചിലും നടുബെഞ്ചിലും തല ഉയർത്തിപ്പിടിച്ചിരുന്ന അവർ പിന്നീടാണ് തല കുനിച്ച് പിൻബെഞ്ചിലേക്ക് രക്ഷപ്പെട്ടത്.
ശ്രേണീകൃത അസമത്വം നീക്കാൻ ഭരണഘടന കൊണ്ടുവന്ന സംവരണമെന്ന അവകാശത്തെ സർക്കാർ നൽകുന്ന ഔദാര്യമായി കണ്ട് അവരെ ഔദാര്യം പറ്റുന്നവരെപ്പോലെ നോക്കാൻ തുടങ്ങിയപ്പോഴാണ് അവരിൽ അപകർഷത തിളയ്ക്കാൻ തുടങ്ങിയത്.
അവരുടെ രക്ഷിതാക്കൾ പൊതുവേ സ്ക്കൂളിലേക്ക് വരാറില്ല.
അല്ലെങ്കിലും, മക്കളെക്കുറിച്ച് നല്ലതൊന്നും കേൾക്കാനില്ലാത്തവർ എന്തിന് സ്ക്കൂളിലേക്ക് വരണം?
അവരുടെ കുറവുകളല്ലാതെ അവരിലുള്ള മികവുകളെക്കുറിച്ച് ആരും പറയാറില്ല.
പൊതുവെ അവരെ ആരും പേരെടുത്ത് വിളിച്ചില്ല.
ഒരു പൊതുവേദിയിലും അവർ ശ്രദ്ധിക്കപ്പെട്ടില്ല.
സ്ക്കൂളിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ദിവസങ്ങളിൽ അവർ ‘പനി പിടിച്ച്’ വരാതിരിക്കും.
അങ്ങനെയങ്ങനെയാണവർ മൗനികളായത്.
എപ്പോഴെങ്കിലും നിങ്ങൾ അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ ?
ഗോത്ര ജീവിതത്തിന്റെ അതിജീവന ചരിത്രം മുഴുവൻ അതിൽ ഉറഞ്ഞുകൂടിയതായി കാണാം!
എപ്പോഴെങ്കിലും അവരെ ഒന്ന് തൊട്ടിട്ടുണ്ടോ❓
മറ്റ് കുട്ടികളെപ്പോലെ ഒന്ന് ചേർത്ത് നിർത്തിയിട്ടുണ്ടോ❓
സ്നേഹത്തിന്റെ തണലിൽ അവർ നിങ്ങളിലേക്ക് പതുങ്ങുന്നതായി കാണാം.
ഒരു ജന്മത്തിന്റെ സ്നേഹം മുഴുവൻ ഒരൊറ്റ നിമിഷത്തിൽ നിങ്ങളിലേക്ക് ചൊരിഞ്ഞ് ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് ചുവടു വെയ്ക്കുന്നതായി കാണാം.
അവർ പഠിക്കാനറിയാത്തവരല്ല.
അങ്ങനെയാണെന്ന് കരുതാൻ ജീവശാസ്ത്രപരമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
പിന്നെങ്ങനെയാണ് അവർ നമ്മുടെ കണ്ണിൽ ‘നിലവാരം’ കുറഞ്ഞവരായിപ്പോയത്?
‘ഒരാൾക്ക് ജനനത്തിനു മുമ്പ് തന്നെ ലഭിക്കുന്ന സാംസ്കാരിക വിഭവ പിന്തുണയുടെ പേരാണ് ജാതി’
എന്ന് പിയറി ബോർദ്യുവിനെ ഉദ്ധരിച്ചു കൊണ്ട് നിസാർ അഹമ്മദ് വിലയിരുത്തുന്നുണ്ട്.
മറ്റുള്ളവർ ജാതിയുടെയും സമ്പത്തിന്റെയും പ്രിവിലേജുകൾക്ക് നടുവിൽ ജനിച്ചു വീഴുമ്പോൾ, അങ്ങനെ ഒരു ‘പ്രിവിലേജു’മില്ലാതെ ജനിച്ചു പോയവരാണവർ.
മാറ്റിനിർത്തലുകളുടെ ഘോഷയാത്രയാണവരുടെ ജീവിതം.
‘നിനക്കതിന് കഴിയും’ എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകൾ അവരോടാരും പറഞ്ഞിട്ടില്ല.
പക്ഷേ, അത് മാത്രമാണ് അവർ ആഗ്രഹിക്കുന്നത്!
ഒരു വട്ടമെങ്കിലും അങ്ങനെ ഒന്ന് പറഞ്ഞു നോക്കൂ.
എല്ലാതരം അപകർഷതയുടെ വാൽമീകത്തിൽ നിന്നും അവർ കൂടു പൊട്ടിച്ച് പുറത്തുവരും.
ആ മുഖങ്ങളിലും ആത്മവിശ്വാസത്തിന്റെ വെളിച്ചം നിറയും.
ഓർക്കുക, ആര്യാധിനിവേശവും വിദേശധിപത്യവുമാണ് വെളുപ്പിനെ സൗന്ദര്യത്തിന്റെ നിറമാക്കിയത്.
ആഫ്രിക്കയാണ് ലോകം കീഴടക്കിയിരുന്നെങ്കിൽ സൗന്ദര്യത്തിന്റെ നിറം നിശ്ചയമായും കറുപ്പായേനേ.
നിറത്തിന്റെയും ജാതിയുടെയും പേരിൽ നൂറ്റാണ്ടുകളോളം അദൃശ്യരാക്കി നിർത്തിയ പൂർവികരുടെ അപകർഷതാഭാരത്തിന്റെ ഒരു പങ്ക് അവരിലു മുണ്ട്.
അതിന്റെ കെട്ടുപൊട്ടിച്ചെറിഞ്ഞാണവർ പൊതു ഇടത്തിലെത്തിയത്.
തുല്യനീതിയുടെ ആകാശം ആരും അവർക്ക് ഔദാര്യമായി അനുവദിച്ചതല്ല.
പൊരുതി നേടിയതാണത്.
ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ വളർച്ച മുട്ടിപ്പോയ ഒരു വലിയ വിജ്ഞാന ലോകം അവർക്ക് സ്വന്തമായുണ്ട്. അവിടെ ഭക്ഷണവും വസ്ത്രവും പാർപ്പിടവും കൃഷിയും ചികിൽസയും മരുന്നും ദൈവങ്ങളും എല്ലാമുണ്ടായിരുന്നു.
അധമം, വിശുദ്ധം എന്ന ദ്വന്ദ്വങ്ങളിൽ കലരാനനുവദിക്കാതെ മാറ്റി നിർത്തിയപ്പോഴാണ് അവരുടെ വിജ്ഞാന ലോകം വളർച്ച നിന്നു പോയത്.
സ്വന്തം ജ്ഞാന പദ്ധതിയിലൂടെ ആധുനികജ്ഞാന ലോകത്തിലെത്താൻ ഈ മാറ്റിനിർത്തലുകളാണ് തടസ്സമായത്.
മനുഷ്യരാശി ആർജജിച്ച എല്ലാ ആധുനിക വിജ്ഞാനങ്ങളുടെയും അവകാശികൾ അവർ കൂടിയാണെന്ന ബോധം ആർക്കില്ലെങ്കിലും അധ്യാപകർക്കുണ്ടാകണം.
അതു കൊണ്ട് ഇടയ്ക്കെല്ലാം പിൻബെഞ്ചിലേയ്ക്ക് നോക്കുക.
കറുത്ത് മെലിഞ്ഞ ഒരാളെങ്കിലും ക്ലാസിൽ തലകുനിച്ച് മൗനിയായി ഇരിക്കുന്നുണ്ടാകും.
അവരെക്കൂടി തല ഉയർത്തിപ്പിടിച്ചിരിക്കാൻ പഠിപ്പിക്കുമ്പൊഴേ നമ്മൾ അധ്യാപകരാകൂ.
ഒരു കുട്ടിയെയെങ്കിലും അവളുടെ അപകർഷതാബോധത്തിൽ നിന്ന് പുറത്തു കടത്താനായാൽ അതാവും അധ്യാപന ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം.
അതിന് സാധ്യമായില്ലെങ്കിൽ എത്ര പഠിപ്പിച്ചാലും പഠിച്ചാലും നമ്മൾ തോറ്റു പോകുന്ന അധ്യാപകരേ ആകൂ.
അതുമല്ലെങ്കിൽ, സർക്കാർ ഖജനാവിൽ നിന്ന് ശംബളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരേ ആകൂ.
ഉദ്യോഗസ്ഥപ്പണിയുടെ സാങ്കേതിക ജീവിതത്തിൽ നിന്ന് അധ്യാപനപ്പണിയുടെ ജൈവിക ജീവിതത്തിലേയ്ക്ക് ചുവടുവെയ്ക്കാനാകുക എന്നതാണ് പ്രധാനം.
ഒരാൾക്ക് ഇരുപത്തിയഞ്ച് വർഷം സർവ്വീസുണ്ടാകുക എന്നാൽ അർത്ഥം, ഒന്നാമത്തെ വർഷം ചെയ്തത് ബാക്കി ഇരുപത്തിനാല് വർഷവും ആവർത്തിച്ചു എന്നതാവരുത്.
ഓരോ വർഷവും പുതിയ പുതിയ അനുഭവങ്ങളിലേക്കും ജ്ഞാനമേഖലകളിലേക്കും വളരുക എന്നതാവണം അധ്യാപന ജീവിതത്തിന്റെ ലക്ഷ്യം.
ഈ വളർച്ചയെന്നാൽ അവസാനത്തെ കുട്ടിയെയും ചേർത്തു പിടിക്കുക എന്നതാണ്.
ഒരാളെയെങ്കിലും അപകർഷതയുടെ കൂട് പൊട്ടിച്ച് പുറത്തു കടത്തുക എന്നതാണ്.
[✍🏻 ഡോ. പി പി പ്രകാശൻ]