ഒരു പവൻ സ്വർണനാണയം സ്കൂൾ ലൈബ്രററി ശാക്തീകരണത്തിന് സംഭാവന നൽകിയാണ് ബഷീർ മാസ്റ്റർ സ്കൂളിന്റെ പടിയിറങ്ങിയത്

June 20, 2023 - By School Pathram Academy

വായനദിനത്തിൽ, കുട്ടികൾക്ക് പത്തര മാറ്റിന്റെ പൊൻ തിളക്കമുള്ള സ്നേഹസമ്മാനവുമായി ബഷീർ മാസ്റ്റർ

 

കോട്ടക്കൽ:കോട്ടൂർ എ. കെ എം ഹയർസെക്കൻഡറി സ്കൂൾ പ്രധ്യാനാധ്യാപകനായി വിരമിച്ച ബഷീർ കുരുണിയൻ ഈ വായന ദിനത്തിൽ തന്റെ പ്രിയ വിദ്യാർഥികൾക്കു വിലയേറിയ ഒരു സമ്മാനം നൽകി മാതൃകയായി. തന്റെ യാത്രയയപ്പിന് സഹപ്രവർത്തകർ സ്നേഹപൂർവം നൽകിയ ഒരു പവൻ സ്വർണനാണയം സ്കൂൾ ലൈബ്രററി ശാക്തീകരണത്തിന് സംഭാവന നൽകിയാണ് അദ്ധേഹം സ്കൂളിന്റെ പടിയിറങ്ങിയത്. വായന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് അദ്ധേഹം പുസ്തങ്ങൾ സ്കൂളിന് കൈമാറി. മലയാള സമിതിയുടെ , “അക്ഷരചെപ്പ്” വായനാ വാരാചരണ പദ്ധതി എസ് എം സി ചെയർമാനും, നഗരസഭ കൗൺസിലറുമായ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ.കെ സൈബുന്നീസ അധ്യക്ഷം വഹിച്ചു.

മികച്ച ഭൗതികസാഹചര്യങ്ങളുള്ള, ഏഴായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ ലൈബ്രറി സംസ്ഥാനത്തെ മികച്ച ലൈബ്രറികളിലൊന്നാണ്. വിദ്യാർഥികൾക്കൊപ്പം പുസ്തങ്ങളേയും സ്നേഹിക്കുന്ന ബഷീർ മാഷിന്റെ സംഭാവനയിലൂടെ അറുപത്തയ്യായിരത്തോളം രൂപവിലവരുന്ന പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് ലഭിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി,പ്രിൻസിപ്പൽ അലി കടവണ്ടി, പ്രദീപ് വാഴങ്കര, സ്മിത പുത്തലത്ത്, സി സുനീറ, എൻ വിനീത,വി റൈഹാനത്ത്,എന്നിവർ സംബന്ധിച്ചു.

Category: NewsSchool News