ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ പാര്‍ട്ടി നടത്തുന്നതും ആഘോഷിക്കുന്നതുമായുള്ള വീഡിയോ വലിയ വിവാദമായിരിക്കുകയാണ്
ഹെല്‍സിങ്കി: ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ പാര്‍ട്ടി നടത്തുന്നതും ആഘോഷിക്കുന്നതുമായുള്ള വീഡിയോ വലിയ വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണ്, ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത് എന്നൊക്കെയാണ് ഉയരുന്ന വിമര്‍ശനം.
ഇതിന് പുറമെ ഫിന്‍ലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റ് നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
പാട്ട് പാടുന്നതും ഡാന്‍സ് ചെയ്യുന്നതും നിയമാനുസൃതമല്ലേ? പാര്‍ട്ടിക്കിടെ മാത്രമാണ് മദ്യപിച്ചത്; വിശദീകരണവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി.
തനിക്കെതിരായി ഉയരുന്ന ആരോപണങ്ങളില്‍ സന്ന മരിന്‍ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കിടെ മാത്രമാണ് താന്‍ മദ്യപിച്ചതെന്നാണ് മരിന്‍ പറയുന്നത്. മറ്റൊരു സമയത്തും യാതൊരു ലഹരികളും ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
വീഡിയോ എടുക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതില്‍ ദുഖവും നിരാശയുമുണ്ടെന്നും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.
മറ്റെല്ലാവരെയും പോലെ ഒഴിവ് സമയം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിലവഴിക്കാറ്. താന്‍ ഡാന്‍സ് കളിച്ചുവെന്നും പാട്ട് പാടിയെന്നും അത് തീര്‍ത്തും നിയമവിധേയമായ കാര്യമാണെന്നും സന്ന മരിന്‍ പറഞ്ഞു. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തോന്നിയിട്ടില്ലെന്നും താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെ എന്നും തുടരുമെന്നും മരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന സന്ന മരിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മരിന്‍ പാട്ട് പാടുന്നതും ഡാന്‍സ് കളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
സുഹൃത്തുക്കള്‍ക്ക് വേണ്ടി തന്റെ സ്വകാര്യ വസതിയിലായിരുന്നു മരിന്‍ പാര്‍ട്ടി നടത്തിയത്.
36 കാരിയായ സന്ന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. സംഗീത പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുള്ള മരിന്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്ത കോണ്‍ടാക്ടായ ശേഷവും ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.
ഇതിന് പിന്നാലെ സന്ന മരിന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.