‘ഒരു ബക്കറ്റിൽ മുഷിഞ്ഞ തുണികളാണ് കണ്ടത്. മറ്റൊരു ബക്കറ്റിലും തുണികൾ കണ്ടു. തുണി അൽപം മാറ്റി നോക്കിയപ്പോഴാണു ചോരക്കുഞ്ഞിനെ കണ്ടത്. നേരിയ ഞരക്കം കേട്ടു. ‘എടുക്കെടാ…’എന്ന് വിപിന്റെ അലർച്ച കേട്ടതും ബക്കറ്റുമായി ജീപ്പിലേക്ക് ഒരോട്ടമായിരുന്നു. തന്നെക്കൊണ്ട് അമ്മ കത്രിക എടുപ്പിച്ചെന്നും സ്വയം പൊക്കിൾകൊടി മുറിച്ചെന്നും കുട്ടി പറഞ്ഞു..
ചെങ്ങന്നൂർ (ആലപ്പുഴ) ∙ പാതിവഴിയിൽ പൊലിഞ്ഞേ ക്കാമായിരുന്ന കുരുന്നു ജീവനെ ചടുലമായ നീക്കങ്ങളിലൂടെ കാത്ത പൊലീസിന് നാടിന്റെ സല്യൂട്ട്. നിമിഷങ്ങൾക്കു പൊന്നുംവി ലയുണ്ടെന്നു തെളിയിച്ച് പൊലീസ് നടത്തിയ നീക്കമാണ് കുരുന്നു ജീവൻ രക്ഷിച്ചത്.ഇന്നലെ രാവിലെ 9.03നാണ് അങ്ങാടിക്കലിലെ സ്വകാര്യാശു പത്രിയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് ആ ഫോൺ വിളി എത്തിയത്. യുവതി അമിതരക്തസ്രാവത്തിനു ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു സന്ദേശം. എസ്എച്ച്ഒ: എ.സി.വിപിനും എസ്ഐ: എം.സി.അഭിലാഷും എസ്ഐ: ഡി.അജിത്ത് ഖാൻ, സിപിഒ: സി.ഹരീഷ് കുമാർ എന്നിവരും കോടതിയിലേക്കു പോകാൻ ഇറങ്ങുകയായിരുന്നു അപ്പോൾ ഫോൺ വിളി വന്നയുടനെ ആശുപത്രിയിലേക്കു പൊലീസ് പാഞ്ഞെത്തി.യുവതിയുടെ അമ്മയെ ചോദ്യം ചെയ്തു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവറെ ഫോണിൽ വിളിച്ച് ആറന്മുള കോട്ടയിലെ വീട് അന്വേഷിച്ചു. വിവരം സിപിഒ: ജിജോ സാമിനു കൈമാറി. ജിജോ ബൈക്കിലും പിന്നാലെ പൊലീസ് സംഘം ജീപ്പിലും കോട്ടയിലേക്കു തിരിച്ചു. വീട് പൂട്ടിയിരുന്നു. എസ്ഐ: അഭിലാഷ് വീടിനു പുറത്തെ കുളിമുറി പരിശോധിച്ചു.
‘‘ഒരു ബക്കറ്റിൽ മുഷിഞ്ഞ തുണികളാണ് കണ്ടത്. മറ്റൊരു ബക്കറ്റിലും തുണികൾ കണ്ടു. തുണി അൽപം മാറ്റി നോക്കിയപ്പോഴാണു ചോരക്കുഞ്ഞിനെ കണ്ടത്. നേരിയ ഞരക്കം കേട്ടു. ‘എടുക്കെടാ…’എന്ന് വിപിന്റെ അലർച്ച കേട്ടതും ബക്കറ്റുമായി ജീപ്പിലേക്ക് ഒരോട്ടമായിരുന്നു. കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തെന്നു കേട്ടപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്’ – അഭിലാഷ് പറഞ്ഞു. ബക്കറ്റിൽ കുഞ്ഞുമായി അഭിലാഷ് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആറന്മുള / ചെങ്ങന്നൂർ ∙ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം മാതാവ് ചികിത്സതേടി ആശുപത്രിയിലെത്തി. പൊലീസിന്റെ അടിയന്തര ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 32 ആഴ്ച മാത്രം വളർച്ചയുള്ള കുഞ്ഞിന് 1.3 കിലോ ഗ്രാം ഭാരമേയുള്ളു. ഇന്നലെ രാവിലെയാണ് അമിത രക്തസ്രാവവുമായി പത്തനംതിട്ട കോട്ട സ്വദേശിയായ യുവതി (34) ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഒൻപതു വയസ്സുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. പ്രസവ ശേഷമാണ് യുവതിയെത്തിയതെന്നു സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിച്ചു.രാവിലെ വീട്ടിൽ പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം സംസ്കരിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ ആദ്യം അറിയിച്ചത്.
എന്നാൽ കുഞ്ഞ് വീടിനു പുറത്തുള്ള കുളിമുറിയിലെ ബക്കറ്റിനുളളിലുണ്ടെന്ന വിവരം മകൻ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തന്നെക്കൊണ്ട് അമ്മ കത്രിക എടുപ്പിച്ചെന്നും സ്വയം പൊക്കിൾകൊടി മുറിച്ചെന്നും കുട്ടി പറഞ്ഞു. തുടർന്ന് ആശുപത്രിയിൽനിന്നു ചെങ്ങന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ. തുണിയിൽ പൊതിഞ്ഞ നിലയിൽ ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ പൊലീസ് ഉടൻ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 48 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് പറയാൻ കഴിയൂവെന്നു കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ് പറഞ്ഞു.
യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി യുവതി അമ്മയ്ക്കും മൂത്തമകനുമൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ആറന്മുള പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതായും കുട്ടിക്ക് കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനായാണ് തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയതെന്നും ആറന്മുള എസ്എച്ച്ഒ സി.കെ.മനോജ് പറഞ്ഞു