ഒരു സ്കൂളിലെ അഞ്ച് അധ്യാപകരുടെ സ്ഥലംമാറ്റം; ഉത്തരവില്‍ അനുചിതമായ ചില പരാമര്‍ശങ്ങള്‍ കടന്നുകൂടി.അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി
വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അധ്യാപകരുടെ വിരമിക്കല്‍ യോഗം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന തല്‍പരരായ എല്ലാ വിരമിച്ച അധ്യാപകര്‍ക്കും അധ്യാപക ബാങ്കിന്റെ ഭാഗമാകാം. വിരമിച്ച അധ്യാപകരുടെ അറിവും വിജ്ജ്ഞാനവും പ്രയോജനപ്പെടുത്തണം എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ രംഗം വളരെ സമാധാനപരമായാണ് മുന്നോട്ടു നീങ്ങുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ യാതൊരുവിധ ദോഷവും സംഭവിക്കില്ല. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നല്‍കുന്നുവെന്നും ആര്‍ക്കും ഒരു ആനുകൂല്യവും നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചങ്ങനാശ്ശേരിയിലെ ഒരു സ്‌കൂളിലെ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഉത്തരവില്‍ അനുചിതമായ ചില പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.