ഒരു സ്കൂളിൽ നിന്നും പത്ത് കുട്ടികളുമായി അദ്ധ്യാപകർ ഇന്നലെ രാവിലെ തൃശൂർ നഗരത്തിൽ എത്തിയിരുന്നു

March 01, 2022 - By School Pathram Academy

കൂട്ടം തെറ്റിയ വിദ്യാർത്ഥി എത്തിയത് 25 കിലോമീറ്റർ അകലെ.

മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി കൺട്രോൾ റൂം പോലീസ്.

 

തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന ജില്ലാതല നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഒരു സ്കൂളിൽ നിന്നും പത്ത് കുട്ടികളുമായി അദ്ധ്യാപകർ ഇന്നലെ രാവിലെ തൃശൂർ നഗരത്തിൽ എത്തിയിരുന്നു.

 

മത്സരശേഷം വൈകീട്ട് അഞ്ചുമണിയോടെ അവർ തിരികെ സ്കൂളിലേക്ക് പുറപ്പെട്ടു. ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ കുറവുണ്ടെന്ന് അദ്ധ്യാപകർ മനസ്സിലാക്കിയത്. ഉടൻ തന്നെ അവർ ശക്തൻ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഒ.വി. സാജനെ വിവരം അറിയിച്ചു. പോലീസുദ്യോഗസ്ഥൻ ഉടൻ തന്നെ വിവരം കൺട്രോൾ റൂമിലേക്ക് കൈമാറി. കാണാതായ കുട്ടിയുടെ ഒരു ഫോട്ടോ അദ്ധ്യാപകരിൽ നിന്നും തന്റെ മൊബൈൽഫോണിലേക്ക് അയപ്പിച്ചു. അത് നഗരത്തിൽ പട്രോളിങ്ങ് നടത്തിയിരുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടാതെ നഗരത്തിൽ സർവ്വീസ് നടത്തിയിരുന്ന ബസ്സുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഫോട്ടോ അയച്ചുകൊടുത്തു. കൂടാതെ, കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ വയർലസ് സന്ദേശമായി നഗരത്തിൽ ഡ്യൂട്ടിചെയ്തിരുന്ന എല്ലാ ട്രാഫിക് ഉദ്യോഗസ്ഥർക്കും കൈമാറി.

 

ഏതാനും മിനിറ്റുകൾക്കകം, നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ സഞ്ചരിച്ചിരുന്ന ബസ്സിൽ കുട്ടിയെ കണ്ടെത്തി.

 

സംഭവം ഇങ്ങനെ:

 

അക്വാട്ടിക് മത്സരങ്ങൾ കഴിഞ്ഞ് വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും അധ്യാപകർ കുട്ടികളോടൊത്ത് ബസ്സിൽ കയറി. ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മറ്റൊരു ബസ്സിൽ കയറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങി. എന്നാൽ ക്ഷീണം കാരണം ഒരു കുട്ടി ബസ്സിലെ സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി. ബസ്സിൽ തിരക്കുണ്ടായിരുന്നതിനാൽ എല്ലാ കുട്ടികളും ഇറങ്ങിയതെന്നാണ് അദ്ധ്യാപകർ കരുതിയത്. കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ അദ്ധ്യാപകർ തെരച്ചിൽ തുടങ്ങുകയും അവർ അവിടേക്ക് വന്ന ബസ്സ് അന്വേഷിക്കുകയും ചെയ്തു. അപ്പോഴേക്കും ബസ്സ് പോയിരുന്നു.

 

കാണാതായ വിദ്യാർത്ഥിയുടെ ഫോട്ടോ പോലീസുദ്യോഗസ്ഥർ ബസ് ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെ, വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബസ്സിലെ കണ്ടക്ടർ കുട്ടിയെ തിരിച്ചറിയുകയും പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും, പോലീസുദ്യോഗസ്ഥരെത്തി, വിദ്യാർത്ഥിയെ കൂട്ടികൊണ്ടുവരികയും ചെയ്തു.

 

കുട്ടിയെ കണ്ടെത്തുന്നതിന് പരിശ്രമിച്ച പോലീസുദ്യോഗസ്ഥർ:

സബ് ഇൻസ്പെക്ടർ വി.എസ്. സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഒ.വി. സാജൻ, റബീക്ക് റഹ്മാൻ, അപ്പു സുരേഷ്.

.

Category: News