ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം

September 02, 2022 - By School Pathram Academy

തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാർഥികളുടെ കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് കത്ത് സമൂഹ മാധ്യമങ്ങളിൽ മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർണമെന്റ് എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസുകാർ ഓണാഘോഷത്തിന് വേണ്ടി ക്ഷണിച്ച കത്താണ് ഇത്.

പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന് എന്ന് തുടങ്ങുന്ന കത്തിൽ സുഖവിവരങ്ങൾ അന്വേഷണത്തിന് ശേഷം ഓണ സദ്യ കഴിക്കാൻ സ്കൂളിലേക്ക് വരാമോ എന്ന് കുട്ടികൾ അഭ്യർത്ഥിക്കുന്നുണ്ട്.

പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ? ഞങ്ങളെ മനസ്സിലായോ? ഗവ. എൽ.പി.എസ്. മുള്ളറംകോടിലെ രണ്ടാം ക്ലാസിലെ കുട്ടികളാണ് ഞങ്ങൾ. ഈ കത്ത് എഴുതുന്നത് എല്ലാവർക്കും വേണ്ടി മീനാക്ഷിയാണ്.

അപ്പൂപ്പാ, കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ 2ാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രിയപ്പൂപ്പൻ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി അപ്പൂപ്പൻ ഓണ സദ്യ കഴിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു.

എന്ന് രണ്ടാം ക്ലാസിലെ 85 കുട്ടികൾ.

 

ഈ ക്ഷണം സ്വീകരിച്ചു കൊണ്ടുള്ള മറുപടിയാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ്സുകാർ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം. കുഞ്ഞുങ്ങളെ ഞാൻ നാളെ വരും, നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ.

എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ.

Category: News