ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ ‘ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ’ രൂപത്തിൽ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും അവസരമൊരുക്കും

June 07, 2022 - By School Pathram Academy

നിരന്തരം നവീകരിക്കുന്നവിധത്തിൽ ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ ‘ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ’ രൂപത്തിൽ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും ‘സഹിതം’ പദ്ധതിയിൽ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവിച്ചു. കുട്ടിയെ അറിയുക, കുട്ടിയെ വളർത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ കുട്ടികളുടെ മെന്റർമാരാവുന്ന സഹിതം പദ്ധതിയുടെ പോർട്ടലായ www.sahitham.kite.kerala.gov.in ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മെന്ററിംഗിന്റെ ഭാഗമായി ഓരോ വിദ്യാർഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികൾ, ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് സഹിതം പോർട്ടലിൽ രേഖപ്പെടുത്താൻ അധ്യാപകർക്ക് കഴിയും.

സമ്പൂർണ പോർട്ടലിൽ ലഭ്യമായ അടിസ്ഥാന വിവരങ്ങൾക്ക് പുറമേ കുട്ടിയുടെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം ആവശ്യമുള്ള മേഖലകൾ തുടങ്ങിവയെല്ലാം സ്റ്റുഡന്റ് പ്രൊഫൈലിന്റെ ഭാഗമായി മാറും. അധ്യാപകരുടെ ഗൃഹസന്ദർശനം കുട്ടിക്ക് വൈകാരികമായ അനുഭവം കൂടി സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹിതം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും പരിശീലനും നൽകും.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ., യൂണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Category: IAS