ഓല കൊണ്ട് ചാരി വയ്ക്കാവുന്ന വാതിൽ, വീടിനുള്ളിൽ പാമ്പിനെ ഭയന്ന് പഠനം; കഷ്ടപ്പാടിലും അമ്പിളി പഠിച്ചുനേടിയത് ഫുള്‍ എ പ്ലസ്
ഓല കൊണ്ട് ചാരി വയ്ക്കാവുന്ന വാതിൽ, വീടിനുള്ളിൽ പാമ്പിനെ ഭയന്ന് പഠനം; കഷ്ടപ്പാടിലും അമ്പിളി പഠിച്ചുനേടിയത് ഫുള്‍ എ പ്ലസ്
മഴ പെയ്താൽ ചോർന്നൊലിക്കുന്ന സ്വന്തമല്ലാത്ത ഓലമേഞ്ഞ കൂര. ഓല കൊണ്ട് ചാരി വയ്ക്കാവുന്ന വാതിൽ, വീടിനുള്ളിൽ പാമ്പിനെ ഭയന്ന് പഠനം, മഴക്കാലമായാൽ വെള്ളം കയറുന്ന വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിൽ താമസം. ഇതാണ് 10-ാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ചേർപ്പ് പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറ കോളനിയിലെ താമസക്കാരായ കണ്ണന്തറവാട്ടിൽ കുട്ടപ്പൻ – ലീലാമണി ദമ്പതികളുടെ മകളായ അമ്പിളിയുടെ ജീവിത സാഹചര്യം.
ഏത് കഷ്ടപ്പാടിനിടയിലും പഠനം കൈവിടാതിരുന്ന അമ്പിളി നേടിയത് എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്. അമ്പിളിയുടെ അച്ഛൻ കൂലിപ്പണിക്കാരനും അമ്മ തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഇവർ വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിനു സമീപത്തെ ബന്ധുവിന്റെ സ്ഥലത്താണ് കൂര വച്ചിരിക്കുന്നത്. ഒറ്റ മുറിയുള്ള ചോർന്നൊലിക്കുന്ന ഈ ഓലപ്പുരയിൽ തന്നെയാണ് അടുക്കളയും.
വീട്ടിൽ ആകെയുള്ളത് ഒരു കട്ടിൽ മാത്രമാണ്. മഴ പെയ്താൽ വെള്ളം ഉയരുമെന്നതിനാൽ കല്ലുകൾ വച്ച് കട്ടിൽ അതിൽ ഉയർത്തി വച്ചിരിക്കുകയാണ്. മഴയിൽ നനയാതെ പഠിക്കാൻ കഴിയുന്ന സ്ഥലം പോലും അമ്പിളിക്ക് ഇല്ല. മഴക്കാലത്ത് അയൽ വീടുകളും ബന്ധു വീടുകളുമാണ് പഠനത്തിന് ആശ്രയം. ഓലയും പനമ്പും കൊണ്ടുള്ള ചുമരും ഓല കൊണ്ടു ചാരി വയ്ക്കുന്ന വാതിലും.
വീട് കാടു കയറി കിടക്കുന്ന പാടത്തിന്റെ അരികിലായതിനാൽ പാമ്പിന്റെ ശല്യവുമുണ്ട്. ഈ പ്രസിന്ധികളെയെല്ലാം മറികടന്നാണ് അമ്പിളിയുടെ ജീവിത വിജയം. ഉന്നതപഠനത്തിന് കംപ്യൂട്ടർ സയൻസ് എടുക്കണമെന്നാണ് അമ്പിളിയുടെ ആഗ്രഹം. പ്രായപൂർത്തിയായ മകൾക്ക് അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകാൻ കഴിയാത്ത സങ്കടത്തിലാണ് മാതാപിതാക്കൾ. പല തവണ വീടിനായി പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നു ഇവർ പറയുന്നു.