കണ്ണീരായി വയനാട്

നിലമ്പൂർ: ചാലിയാർ പുഴയിൽ നിന്നും ആറ് മൃതദേഹങ്ങൾ കണ്ടെത്തി. നിലമ്പൂർ പോത്തുകല്ല് കുമ്പളപ്പാറ കോളനി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് സംശയിക്കുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായ ഭാഗത്തുനിന്ന് 20ഓളം കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലം. കനത്ത മഴയിൽ ചാലിയാറിലും ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.
അതിനിടെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ നിന്ന് 15 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.