കണ്ണീർക്കളമായി മാറിയ അക്ഷരമുറ്റത്തു തേങ്ങലുമായി നാടും നാട്ടുകാരും…
ആഹ്ലാദത്തോടെ യാത്രയാക്കി ഇരുട്ടി വെളുക്കും മുൻപേ കണ്ണീർക്കളമായി മാറിയ അക്ഷരമുറ്റത്തു തേങ്ങലുമായി നാടും നാട്ടുകാരും കാത്തിരിക്കുകയാണ്; പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ. അവരെ ഒരുനോക്കു കാണാൻ.
പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അധ്യാപകന്റെയും അഞ്ചു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂൾ മുറ്റത്തേയ്ക്ക് മൂന്നു മണിയോടെ എത്തുമെന്നാണ് അറിയിപ്പ്.
ഇവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിക്കഴിഞ്ഞു.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പാലക്കാട്ടു നിന്നു മൃതദേഹങ്ങൾ ആംബുലൻസിൽ നാട്ടിലേയ്ക്കു പുറപ്പെട്ടു. കുരുന്നുകളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ രണ്ടു പ്രദേശങ്ങളിൽ ഉള്ളവരാണ്.
ആരക്കുന്നം ചിറ്റേത്ത് സി.എസ്. ഇമ്മാനുവൽ (17), വലിയകുളം അഞ്ജനം അഞ്ജന അജിത് (17), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), പൊറ്റയിൽ ക്രിസ് വിന്റർബോൺ തോമസ്, ചെമ്മനാട് വെമ്പിളിമറ്റത്തിൽ എൽന ജോസ് (15) എന്നിവരാണ് അപകടത്തിൽ മരിച്ച വിദ്യാർഥികൾ. മറ്റൊരാള്‍ സ്‌കൂളിലെ കായികാധ്യാപകന്‍ വിഷ്ണുവാണ്. മരിച്ച മറ്റു മൂന്നു പേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്.
ഇതിനിടെ, ആർടിപിസിആർ പരിശോധനയിൽ അധ്യാപകൻ വിഷ്ണുവിനു കോവിഡ് സ്ഥിരീകരിച്ചതിനാൽ പൊതു ദർശനത്തിനു വയ്ക്കാൻ സാധ്യത കുറവാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം എന്നാണ് അറിയുന്നത്.
ഇന്നലെ വൈകിട്ട് ആറരയോടെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ഊട്ടിയിലേയ്ക്കു വിനോദയാത്ര പുറപ്പെട്ട വിദ്യാർഥികൾ, പാതി വഴിയെത്തും മുൻപേ ദുരന്തം അവരെ തേടിയെത്തുകയായിരുന്നു. സ്കൂളിലെ കായിക അധ്യാപകനും പത്താം ക്ലാസിലെ മൂന്നു വിദ്യാർഥികളും പ്ലസ്ടുവിലെ രണ്ടു വിദ്യാർഥികളുമാണ് അപകടത്തിൽ മരണമടഞ്ഞത്.