കരിയർ ഗൈഡൻസ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്‌സ് എഹെഡ്’ പരിപാടിയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്
ഹൈസ്‌കൂൾ-ഹയർ സെക്കന്ററി ക്ലാസുകളിലെ കുട്ടികൾക്കായി ‘വാട്ട്‌സ് എഹെഡ്’ എന്ന പ്രത്യേക കരിയർ ഗൈഡൻസ് പരിപാടി 11 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. അഞ്ഞൂറിൽപ്പരം തൊഴിൽ മേഖലകളെ കുറിച്ചും 25000 ത്തിലധികം കോഴ്‌സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂർ സംപ്രേഷണം ചെയ്യുന്നത്.
ഹയർ സെക്കന്ററി വിഭാഗത്തിലെ കരിയർ ഗൈഡൻസ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്‌സ് എഹെഡ്’ പരിപാടിയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്ലസ്ടുവിന് ശേഷമുള്ള തുടർപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ മേഖലകളിലെ പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, പ്രമുഖ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
ലൈവായി കൈറ്റ് വിക്ടേഴ്‌സ് വെബ്‌സൈറ്റിലും (victers.kite.kerala.gov.in) തുടർന്ന് യുട്യൂബ് ചാനലിലും (itsvicters) പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ 7നും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 7നും ഉണ്ടായിരിക്കും.