കളര്‍ പെന്‍സില്‍ വിഴുങ്ങിയ 6 വയസുകാരന് പുതുജീവന്‍; രക്ഷയായത് അധ്യാപകരുടെ അവസരോചിത ഇടപെടല്‍

August 25, 2022 - By School Pathram Academy

കളര്‍ പെന്‍സില്‍ വിഴുങ്ങിയ വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന് ഒരു കൂട്ടം അധ്യാപകര്‍. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അബദ്ധത്തില്‍ പെന്‍സില്‍ കഷ്ണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണ് പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്.

കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലായി. ഉടൻ കൃത്രിമശ്വാസം നൽകിയ ശേഷം അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ചുമച്ച് അവശനായ പ്രണവിനെ യാത്രയിലുടനീളം അധ്യാപകരായ ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ  നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമ ശ്വാസം നല്‍കിയും ആശുപത്രിയിലെത്തിച്ചതാണ് രക്ഷയായത്. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു.

Category: News