കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അധ്യാപികയായ രേഷ്മയ്ക്ക് എതിരെ വ്യാപക സൈബർ ആക്രമണം

April 23, 2022 - By School Pathram Academy

അധ്യാപികക്ക് എതിരെ വ്യാപക സൈബർ അറ്റാക്ക് .

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അധ്യാപിക രേഷമക്ക് എതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി ആക്രമണം നടത്തുന്നത്.

അധ്യാപികയെ അറസ്റ്റ് ചെയ്യാനുണ്ടായ സംഭവം ഇതാണ് :

കണ്ണൂർ: തലശ്ശേരി പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒളിവിൽ കഴിഞ്ഞ ബി.ജെ.പി. പ്രവർത്തകനെ പോലീസ് പിടികൂടിയത് ഫോൺകോളുകളും വാട്സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പാറക്കണ്ടി നിജിൽദാസ്(38) ഭാര്യയുമായി വാട്സാപ്പിലൂടെയും മറ്റുമാണ് ബന്ധപ്പെട്ടിരുന്നത്.

ഭാര്യയുടെ ഫോൺവിളികളും വാട്സാപ്പും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാണ് പിണറായി പാണ്ട്യാലമുക്കിൽ എത്തിയത്. പിന്നീട് ഈ ഭാഗത്തെ മൊബൈൽ ടവറിന് കീഴിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.

ഇതിനൊടുവിലാണ് അധ്യാപികയായ അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം.രേഷ്മ(42)യുടെ ഭർത്താവ് പ്രശാന്തിന്റെ വാടകവീട്ടിൽനിന്നാണ് നിജിൽദാസിനെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ 17-ാം തീയതി മുതൽ നിജിൽദാസ് പാണ്ട്യാലമുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവന്നിരുതായാണ് പോലീസ് നൽകുന്ന വിവരം.

അധ്യാപികയായ രേഷ്മയും നിജിൽദാസും സുഹൃത്തുക്കളാണ്. വിഷുവിന് ശേഷമാണ് നിജിൽദാസ് ഒളിച്ചു താമസിക്കാൻ ഒരിടം വേണമെന്ന് രേഷ്മയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിനായി അധ്യാപികയെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്നാണ് രേഷ്മ തന്റെ പാണ്ടാല്യമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസസൗകര്യം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏകദേശം 300 മീറ്ററോളം അരികെയാണ് ഈ വീട്.

നിജിൽദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് രേഷ്മ ഒളിവിൽ കഴിയാനുള്ള സൗകര്യം ഏർപ്പാടാക്കി നൽകിയതെന്നാണ് പോലീസ് പറയുന്നത്.

ഇതിനാലാണ് പ്രതിയെ ഒളിവിൽ പാർപ്പിച്ചു എന്ന സംശയത്താൽ രേഷ്മയെയും അറസ്റ്റ് ചെയ്തത്. പാണ്ട്യാലമുക്കിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ രേഷ്മയും നിജിൽദാസും വാട്സാപ്പ് കോളിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്.

അണ്ടലൂർ കാവിന് സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. രണ്ടു വർഷം മുമ്പാണ് ഇവർ പാണ്ട്യാലമുക്കിൽ പുതിയ വീട് നിർമിച്ചത്. നേരത്തെ ഈ വീട് കലാകാരന്മാർക്ക് ഉൾപ്പെടെ വാടകയ്ക്ക് നൽകിയിരുന്നതായാണ് വിവരം. തലശ്ശേരി അമൃതവിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ രേഷ്മയ്ക്ക്, അടുത്തിടെ ചില സംഘടനകൾ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചിരുന്നു. ഇക്കാര്യം സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി ബോംബേറ്, ശക്തമായ പോലീസ് കാവൽ…

നിജിൽദാസ് ഒളിവിൽ കഴിഞ്ഞ പാണ്ട്യാലമുക്കിലെ വീടിന് നേരേ വെള്ളിയാഴ്ച രാത്രി ബോംബേറുണ്ടായി. രണ്ടു തവണ ഇവിടെനിന്ന് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായാണ് പരിസരവാസികളുടെ മൊഴി. അക്രമിസംഘം വീടിന്റെ ജനൽച്ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബാണ് അക്രമികൾ വീടിന് നേരേ എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, രാത്രി ബോംബേറുണ്ടായതിന് പിന്നാലെ പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിന് സമീപത്താണ് ബോംബേറുണ്ടായ വീടും. ഇതിനാൽതന്നെ പ്രദേശത്ത് വൻ സുരക്ഷാസന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു.

Category: News