ഭിന്നശേഷി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
കാളികാവ് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെങ്കോട് ലിവാഹുല്‍ ഹുദ മദ്‌റസയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്‍ കാപ്പയുടെ നേതൃത്വത്തില്‍ 2014 ലാണ് സ്ഥാപനം തുടങ്ങിയത്. വര്‍ഷങ്ങളായി കാപ്പ സ്വന്തം ചെലവില്‍ നടത്തിയിരുന്ന ഭിന്നശേഷി വിദ്യാലയം കോവിഡിന്റെ വരവോടെ താത്ക്കാലികമായി നിര്‍ത്തിവെച്ചതായിരുന്നു.
സ്വന്തം കെട്ടിടമുണ്ടാകുന്നതു വരെ താല്‍ക്കാലികമായി മദ്‌റസ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിനാവശ്യമായ സ്ഥലം കാപ്പ സൗജന്യമായി നല്‍കും. സ്ഥലം ലഭിക്കുന്ന മുറക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. സ്‌കൂളിലേക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. താത്ക്കാലികമായി തണ്ടു കോട്ടിലെ ബദല്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.മൂസ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇമ്പിച്ചി ബീവി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ശ്രീമതി രമാ രാജന്‍, എ.പി അബ്ദുട്ടി ഹാജി, അംഗങ്ങളായ വിപിഎ നാസര്‍, വാലയില്‍ മജീദ്, സുഫിയാന്‍, ലൈല, കവിതാ സാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹന്‍, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, കാപ്പാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.