കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിവികാസം ഉണ്ടാകുവാന്‍ ഈ പറയുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി ! എല്ലാ മാതാപിതാക്കളും അറിയേണ്ടത്..

August 26, 2022 - By School Pathram Academy

ഒരു കുട്ടി ജനിക്കുന്ന സമയത്ത്, കുട്ടിയുടെ തലച്ചോറിൽ ആയിരക്കണക്കിന് ബില്യൺ ന്യൂറോണുകൾ അടങ്ങിയിരിക്കും. കുറച്ചു വർഷങ്ങൾക്കും മാസങ്ങൾക്കും ശേഷം, കുട്ടിയുടെ മസ്തിഷ്കം വലിയ മാറ്റങ്ങൾക്ക് വിധേയമാവുകയും സെക്കൻഡിൽ ഒരു ദശലക്ഷത്തിലധികം ന്യൂറൽ കണക്ഷനുകൾ ഉണ്ടാക്കാൻ തയ്യാറാകുകയും ചെയ്യുന്നു.
ഒരു കുട്ടിയുടെ തലച്ചോറിന്റെ വളർച്ച പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു കുട്ടിയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, അനുഭവം , സാഹചര്യം എന്നിവയെല്ലാം കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെ സ്വാധീനിക്കുന്നു. കുട്ടിയുടെ ബുദ്ധിവികാസവും, ശാരീരിക വളർച്ചയും ഉറപ്പാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ വിശദമായി പറയാം. അവ എന്താണെന്ന് നോക്കാം.ഒരു സ്ത്രീ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത്, ഭർത്താവ്, വീട്ടിലുള്ള അംഗങ്ങൾ ഇവർ പുകവലിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഗർഭകാലത്ത് കുടുംബത്തിലെ ആരെങ്കിലും പുകവലിക്കുന്നത് കുട്ടിയുടെ ബുദ്ധിവളർച്ചയെ പ്രതികൂലമായി ബാധിക്കും. ഗർഭിണികൾ
പുകവലിക്കുന്നവരെ മാറ്റി നിർത്തുകയും അവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുകയും വേണം.
നിങ്ങൾ ഗർഭിണിയായിരിക്കുമ്പോൾ പുകവലിക്കുകയോ, പുക ശ്വസിക്കുകയോ അല്ലെങ്കിൽ ഇത്തരം ആളുകളുടെ സമ്പർക്കം മൂലം ഈ പുക നിങ്ങളുടെ രക്തത്തിൽ പ്രവേശിക്കുന്നു. കുട്ടിയുടെ തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്താനുള്ള ഏക മാർഗ്ഗം അമ്മയുടെ രക്തമായതിനാൽ ഇത് കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെ സാരമായി ബാധിക്കും. പുകവലിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് പഠന വൈകല്യങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, പിന്നീടുള്ള ജീവിതത്തിൽ IQ ലെവൽ കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇന്ന് പല അമ്മമാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് തങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമോ എന്ന ഭയവും അതുമൂലം കുഞ്ഞുങ്ങളെ മുലയൂട്ടാൻ കാണിക്കുന്ന വിമുഖത. കുഞ്ഞിനോട് കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. കുട്ടിയുടെ ബൗദ്ധിക വളർച്ചയ്ക്കും കുട്ടിയുടെ പ്രതിരോധ സംവിധാനത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്. മുലപ്പാലിൽ ധാരാളം കൊഴുപ്പും, നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ധാരാളം മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഉയർന്ന IQ ലെവലും, മെമ്മറിയും ഉണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നത്തെ കാലത്ത് ഏറ്റവും സാധാരണമായ ഒരു കാര്യമാണ് കുട്ടികൾക്ക് എളുപ്പത്തിൽ ഗൃഹപാഠം ചെയ്യാൻ ടിവിയോ, മൊബൈൽ ഫോണോ നൽകുക എന്നത്. കുട്ടികൾ കൂടുതൽ സമയം TV കാണുന്നത് കുട്ടിയുടെ ബുദ്ധിശക്തിയെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ ടിവി കാണുന്നത് പൂർണ്ണമായും ഒഴിവാക്കുകയും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ ടിവി കാണുന്നതിന് സമയം നിശ്ചയിക്കുകയും വേണം. അമിതമായി ടിവി കാണുന്ന കുട്ടികളിൽ പഠനവൈകല്യം, അമിത ദേഷ്യം, കരച്ചിൽ, ഉറക്കമില്ലായ്മ എന്നിവയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, അമിതമായ ടിവി കാണൽ മാതാപിതാക്കളും, കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിന്റെ അളവ് കുറയ്ക്കും, ഇത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഊഷമളമാകാതെ പോകുകയും ചെയ്യും.
ചെറുപ്രായത്തിൽ തന്നെ ഒരു കുട്ടിയെ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാക്കി മാറ്റേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മാതാപിതാക്കൾ സ്വയം പുസ്തകങ്ങൾ വായിച്ചു കുട്ടികൾക്ക് മാതൃകയാകേണ്ടതാണ്. നിങ്ങൾ പുസ്തകം വായിക്കുമ്പോൾ കുട്ടിക്കും അത് പോലെ വായിക്കാൻ കഴിയണമെന്നില്ല. എന്നാൽ കുട്ടികൾ മനസ്സിലാക്കും, പുസ്തകത്തിൽ നിന്നാണ് അറിവുകൾ ലഭിക്കുന്നതെന്ന്‌. അങ്ങനെ അവർ പുസ്തകം വായിക്കാൻ സ്വയം തയ്യാറാകും.
മുതിർന്നവരായാലും, കുട്ടികളായാലും ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വ്യായാമം അത്യാവശ്യമാണ്. അതിനാൽ കുട്ടികൾക്ക് ഓടാനും, ശാരീരികവും മാനസികവുമായ വിനോദങ്ങൾ ആസ്വദിക്കാനും അവസരം നൽകുക. ചിട്ടയായ വ്യായാമം കുട്ടികളിൽ ഓർമശക്തി വർദ്ധിപ്പിക്കും.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ശീലം ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളർച്ചയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങൾ , ഓട്‌സ്, ബ്രൊക്കോളി, ചീര, ഡാർക്ക് ചോക്ലേറ്റ്, ഓറഞ്ച്, തണ്ണിമത്തൻ, പാൽ, പയർവർഗ്ഗങ്ങൾ, കശുവണ്ടി, ധാന്യങ്ങൾ എന്നിവ കുട്ടികൾക്ക് നൽകുന്നത് കുട്ടിയുടെ ബൗദ്ധിക വളർച്ചയെ ഉത്തേജിപ്പിക്കും.
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണം, കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. അങ്ങനെയുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നില്ല, മാത്രമല്ല അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ കുട്ടികളെ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുക.ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അവർ കൈ കഴുകുന്നുവെന്ന് ഉറപ്പാക്കുക. ഇത് ചെയ്യുന്നത് വഴി, നിങ്ങളുടെ കുട്ടികളെ അവർ എന്താണ് കഴിക്കുന്നതെന്ന് മനസിലാക്കാനും, കൈയും കണ്ണും തമ്മിലുള്ള ഏകോപനം തിരിച്ചറിയാനും സഹായിക്കുന്നു.
എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, ച്യൂയിംഗ് ഗം എന്നിവ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയെ തടസ്സപ്പെടുത്തും. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം കുഞ്ഞുങ്ങൾക്ക് നൽകുക.

Category: News