കുട്ടികളിൽ വായനാ ശീലം വളർത്തി സ്വാതന്ത്ര വായനയുടെ ലോകത്തെത്തിക്കാൻ വായനച്ചങ്ങാത്തം പദ്ധതിയുമായി ബി.ആർ.സി.

October 03, 2022 - By School Pathram Academy

 

വായനയോട് ചങ്ങാത്തം കൂടാം-

വായനച്ചങ്ങാത്തം പദ്ധതിയുമായി

മേലടി ബി.ആർ.സി

 

 

കുട്ടികളിൽ വായനാ ശീലം വളർത്തി സ്വാതന്ത്ര വായനയുടെ ലോകത്തെത്തിക്കാൻ വായനച്ചങ്ങാത്തം പദ്ധതിയുമായി മേലടി ബി.ആർ.സി.

പ്രൈമറി തലത്തിൽ തന്നെ കുട്ടികളിൽ വായനാ ശീലം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ മാതൃ ഭാഷയിൽ എഴുതാനും വായിക്കാനും കഴിവുള്ളവരാക്കി മാറ്റുക, സ്വതന്ത്ര വായനയും സ്വതന്ത്രരചനയും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് വായനച്ചങ്ങാത്തം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

 

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് പരിശീലനം നൽകും. ഇവർ മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകും. വായനച്ചങ്ങാത്തത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും രചനാവെെഭവം തുറന്നുകാട്ടുന്നതിനുള്ള വേദിയൊരുക്കും. കഥാ-കവിതാ രചനകൾ, ആസ്വാദനക്കുറിപ്പ് തുടങ്ങി എഴുത്തുകളെ പരിപോഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നൽകുക. ഇവരുടെ എഴുത്തുകൾ പ്രകാശനം ചെയ്യും.

 

വായനച്ചങ്ങാത്തത്തിന്റെ ഭാ​ഗമായി കുട്ടികൾക്ക്​ റീഡിങ്​ കാർഡ്​ നൽകും. ഇതിൽ കുട്ടികളെ ആകർഷിക്കുന്ന കഥകളും കവിതകളുമെല്ലാം ഉണ്ടാകും. രക്ഷിതാക്കളുടെ വാട്​സ്​ആപ്​ ഗ്രൂപ്​ വഴി അധ്യാപകർ ഇവ അയച്ചും നൽകും. റീഡിങ് കാർഡിൽ ഇഷ്ടകഥാപാത്രങ്ങളെ വരയ്ക്കാനുള്ള പേജും ഉണ്ടാകും.

 

മേലടി ബി.ആർ.സിക്ക് കീഴിലെ മുഴുവൻ പ്രെെമറി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും. ഇതിനായി പരിശീലന പരിപാടികൾ നടക്കുകയാണ്​. ബി.ആർ.സിക്ക് കീഴിലെ കീഴരിയൂർ, തുറയൂർ, മേപ്പയ്യൂർ, തിക്കോടി പഞ്ചായത്തുകളിലും, പയ്യോളി മുനിസിപ്പാലിറ്റിയിലെ മുഴുവൻ എൽ.പി സ്കൂളുകളിലും പദ്ധതി പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ പദ്ധതികൾ പുരോ​ഗമിക്കുകയാണ്.

കൂടാതെ പദ്ധതിയുടെ ഭാ​ഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംസ്ഥാന തലം വരെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. മേലടി ബി.ആർ.സിക്ക് കീഴിലെ എൽ.പി സ്കൂളുകളിലുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥികൾക്ക് പദ്ധതി പ്രയോജനപ്പെടും.

Category: News