കുട്ടികളുടെ അക്കാദമിക മികവിനോടൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും സഹിതം പോർട്ടൽ
തിരുവനന്തപുരം: അധ്യാപകര്‍ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ‘സഹിതം’ പദ്ധതിയുടെ മെന്ററിംഗ് പോര്‍ട്ടല്‍ 7ന് വൈകിട്ട് 3ന് കൈറ്റ് വിക്‌ടേഴ്‌സ് സ്റ്റുഡിയോയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ അക്കാദമിക മികവിനോടൊപ്പം സാമൂഹിക മികവ് വളര്‍ത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിലാണ് സഹിതം മെന്ററിംഗ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.
എസ്.സി.ഇ.ആര്‍.ടി.യുടെ അക്കാദമിക പിന്തുണയോടെ കൈറ്റാണ് ‘സഹിതം’ പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഓരോ സ്‌കൂള്‍ വിദ്യാര്‍ഥിയുടേയും സാമൂഹിക ശേഷികള്‍, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓണ്‍ലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകര്‍ക്ക് സഹിതത്തിലൂടെ സാധിക്കും. കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകളും നിരീക്ഷിച്ച് കുട്ടിയ്ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ആസൂത്രണം ചെയ്യാനാകും. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ പ്രൊഫൈലുകള്‍ തയ്യാറാക്കാന്‍ സഹിതത്തില്‍ സൗകര്യമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ. തുടങ്ങിയവര്‍ സംബന്ധിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സഹിതം പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും.