കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗം മാതാപിതാക്കൾ അറിയേണ്ടത്

March 04, 2022 - By School Pathram Academy

കുട്ടികൾ മൊബൈൽ ഫോണിൽ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികൾ സ്മാർട്ട്ഫോണിൽ എന്താണ് ചെയ്യുന്നതെന്നും അവർ കാണുന്ന ഉള്ളടക്കവും നെറ്റ്‌വർക്കുകളും മാതാപിതാക്കൾ ശ്രദ്ധിക്കണം.

കൊറോണ വൈറസിന്റെ വരവ് മൂലം നിരവധി കുട്ടികളാണ് കളിച്ചു നടക്കേണ്ട പ്രായത്തിൽ വീടുകളിൽ ഒതുങ്ങി കൂടാൻ നിർബന്ധിതരായത്. ഇതേതുടർന്ന് പലരും മൊബൈൽ ഓൺലൈൻ ഗെയ്മുകളിലേക്കും ഇന്റർനെറ്റ് സെർച്ചിങ്ങിലേക്കും തിരിഞ്ഞു. ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തിയെ പറ്റൂ. എങ്ങനെ കുട്ടികളും ഇന്റർനെറ്റും എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് പ്രതികരിക്കാം എന്ന വിഷയത്തിലേക്ക് വെളിച്ചം വീശുന്ന 10 കാര്യങ്ങൾ സംസ്ഥാന പോലീസ് വകുപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസക്തമായ ഭാഗങ്ങൾ ചുവടെ വായിക്കാം.

1. കുട്ടികൾ മൊബൈൽ ഫോണിൽ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ എന്താണ് ചെയ്യുന്നതെന്നും അവർ കാണുന്ന ഉള്ളടക്കവും നെറ്റ്‌വർക്കുകളും മാതാപിതാക്കൾ ശ്രദ്ധിക്കണം.

2. കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന, അവരുടെ ഭാഷാപരവും വൈജ്ഞാനികവും സാമൂഹികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന വിനോദ ഇടവേളകൾ ക്രമീകരിക്കുക. ഇത് കുട്ടികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ഗുണം ചെയ്യും.

3. ദിവസവും ഒരു നേരമെങ്കിലും ഡിജിറ്റൽ ഉപകരണങ്ങളുടെ കൂട്ടില്ലാതെ ഭക്ഷണം കുടുംബമായി ഇരുന്നു കഴിക്കുക (ടിവിയാണ് ഇവിടെ വില്ലൻ). അത്തരം ഭക്ഷണ വേളകളിലെ സംഭാഷണങ്ങൾ നിങ്ങളുടെ കുട്ടിയുടെ സാമൂഹികവും വൈകാരികവുമായ മാനസികനില വികസിപ്പിക്കാനും മുഴുവൻ കുടുംബത്തിനും സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും.

4. കിടക്കുന്നതിന് മുൻപ് മൊബൈൽ ഫോൺ കടക്ക് പുറത്ത് – ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എങ്കിലും മൊബൈൽ ഫോൺ ഉപയോഗവും, ടിവി കാണുന്നതും അവസാനിപ്പിക്കുന്നത് സുഖകരമായ ഉറക്കത്തിനും കൃത്യസമയത്ത് ഉണരുന്നതിനും സഹായിക്കും.

5. സോഷ്യൽ മീഡിയ ഫാസ്റ്റിംഗ് ആയാലോ? അതായത് ജോലി സമയത്തും പഠന സമയത്തും അത്യാവശ്യത്തിനല്ലാതെ സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൃത്യസമയത്ത് പൂർത്തിയാക്കാനും ഇത് കുട്ടികളെയും മുതിർന്നവരെയും സഹായിക്കും.

6. ഓൺലൈൻ ഗെയിമുകളിൽ മുഴുകുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തുക.

7. കുട്ടികളെ മാനസീക ഉല്ലാസം ഉറപ്പുവരുത്തുന്ന നിരവധി ഹോബികളുണ്ട്. പാട്ട്, ഡാൻസ്, ചിത്രം വര, പൂന്തോട്ട പരിപാലനം, കളി തുടങ്ങിയവയിൽ ഇഷ്ടമുള്ളതിൽ മാതാപിതാക്കളും കുട്ടികളും ചേർന്ന് സമയം ചിലവിടുക.

8. ഉടനെ എത്തി എടുക്കാൻ പറ്റാത്ത രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി നിശ്ചിത അകലം പാലിച്ച് ഒരു സ്ഥലം വീട്ടിൽ ഒരുക്കുക. പകരം, പത്രങ്ങൾ, പസിലുകൾ, കോമിക്ക് പുസ്‌തകങ്ങൾ, ബോർഡ് ഗെയിമുകൾ, തുടങ്ങിയ സ്‌ക്രീൻ ഇതര വിഷയങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക.

9. വിരസതയും ചിലനേരം നല്ലതിനാണ്. ആ സമയത്ത് കുട്ടികളെ അവരുടേതായ ലോകത്തേക്ക് വിടുക. വിരസമായ സമയങ്ങളിൽ കുട്ടികൾ‌ അവരുടേതായ പരിഹാര മാർഗ്ഗങ്ങൾ‌ കണ്ടെത്തേണ്ടിവരുമ്പോൾ‌, അത് അവരുടെ ഭാവന വികസിപ്പിക്കാനുള്ള അവസരവുമാകും

10. മേല്പറഞ്ഞതെല്ലാം മാതാപിതാക്കൾ പിന്തുടർന്ന് കുട്ടികൾക്ക് മാതൃകയാവണം. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുൻപ് രക്ഷിതാക്കൾ അവ ചെയ്യുന്നുണ്ടോ എന്നുറപ്പിക്കുക.

Category: News