കുട്ടികൾക്ക് സൌജന്യ ട്യൂഷൻ ജനമൈത്രി പോലീസ് വക.ക്ലാസ് ടീച്ചർ സുജിത

June 10, 2022 - By School Pathram Academy

കുട്ടികൾക്ക് സൌജന്യ ട്യൂഷൻ ജനമൈത്രി പോലീസ് വക.ക്ലാസ് ടീച്ചർ സുജിത വി.എം.

 

പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വരടിയം ഇത്തപ്പാറ കോളനി നിവാസികൾ, സ്ഥലത്ത് സന്ദർശനം നടത്താറുള്ള ജനമൈത്രി പോലീസ് ഓഫീസർമാരായ വിനേഷ് എ.ടി, സുമേഷ് എസ് എന്നിവരോട് ഒരു അഭ്യർത്ഥന മുന്നോട്ടുവെച്ചു. തങ്ങളുടെ കുട്ടികൾ പഠനത്തിൽ തീരെ പുറകിലാണ്. അവർക്ക് നന്നായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികൾ എന്തെങ്കിലും സംശയം ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്ക് ആകുന്നില്ല. ഇതായിരുന്നു അവരുടെ പരാതി.

 

ജനമൈത്രി ബീറ്റ് ഓഫീസർമാർ ഇക്കാര്യം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക് കുമാറിനെ ധരിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കിടയിൽ ഇക്കാര്യം ചർച്ചാവിഷയമായി. അങ്ങിനെയാണ്, പഠനത്തിൽ പിറകോട്ടായ കോളനിയിലെ കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകാം എന്ന ആശയം ഉരുത്തിരിഞ്ഞത്.

 

ജനമൈത്രി പോലീസുദ്യോഗസ്ഥർ ട്യൂഷൻ ക്ലാസ്സ് നടത്തിപ്പിനുവേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇനി ഉചിതരായ അധ്യാപികയെ കണ്ടെത്തണം. അതിനുള്ള അന്വേഷണത്തിനൊടുവിലാണ് സമീപ നാട്ടുകാരിയായ വരടിയം വടക്കേ വളപ്പിൽ വി.കെ ഉണ്ണികൃഷ്ണന്റെ ഭാര്യ സുജിത, പേരാമംഗലം പോലീസിന് പിന്തുണയുമായി എത്തിയത്. കോളനി നിവാസികളുടെ കുട്ടികൾക്ക് സൌജന്യമായി ട്യൂഷൻ എടുത്തു നൽകാം എന്ന വാഗ്ദാനവുമായി അവർ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു. അങ്ങിനെ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലുള്ള ട്യൂഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം ഇത്തപ്പാറ നെയ്ത്തുശാല ഹാളിൽ വെച്ച് ആരംഭിച്ചു. ഇതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ജനമൈത്രി പോലീസ് വക പഠനോപകരണങ്ങളുടെ വിതരണവും നടന്നു.

 

ആദ്യ ദിവസം തന്നെ അമ്പതിലധികം വിദ്യാർത്ഥികളാണ് ട്യൂഷനായി എത്തിയത്. എൽ.കെ.ജി മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിവിധ സെക്ഷനുകളായി തികച്ചും സൌജന്യമായാണ് ട്യൂഷൻ നൽകുന്നത്. ട്യൂഷൻ ടീച്ചറായ സുജിത, ബിഎസ് സി സുവോളജി, ബിഎഡ്, കെടെറ്റ് എന്നീ ബിരുദങ്ങൾക്കുടമയാണ്. താൽക്കാലികാടിസ്ഥാനത്തിൽ അവണൂർ പോസ്റ്റോഫീസിൽ ഇപ്പോൾ ജോലിചെയ്യുന്നുമുണ്ട്. പകൽ സമയത്തെ ജോലിക്കുശേഷമാണ് സുജിത, ഇവിടെ ട്യൂഷൻ ടീച്ചറായി എത്തുന്നത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് സുജിതയുടെ കുടുംബം. വീട്ടിലെ ജോലിയും, പോസ്റ്റോഫീസിലെ താൽക്കാലികാടിസ്ഥാനത്തിലുള്ള ജോലിയും കഴിഞ്ഞ് കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് സുജിത. എല്ലാത്തിനും പൂർണ പിന്തുണയുമായി പേരാമംഗലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസുദ്യോഗസ്ഥരുമുണ്ട്.

 

ജനങ്ങളുടെ ഇഷ്ടമറിഞ്ഞ്, ജനങ്ങളോടൊത്ത് പ്രവർത്തിക്കുകയാണ് പേരാമംഗലം ജനമൈത്രി പോലീസ്. ട്യൂഷൻ ടീച്ചർ വി.എം. സുജിതക്കും, ജനമൈത്രി ബീറ്റ് ഓഫീസർമാരായ വിനേഷ് എ.ടി, സുമേഷ് എസ് എന്നിവർക്കും തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

Category: News