കുട്ടി, വികാസം, സ്കൂൾ  നിരീക്ഷണങ്ങൾ Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്  

July 24, 2025 - By School Pathram Academy

കുട്ടി, വികാസം, സ്കൂൾ

     നിരീക്ഷണങ്ങൾ

Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

     (Former District Project Officer, SSA,

     Ernakulam)

_____________________________________

ഭൗതികശാസ്ത്രത്തിന്റെ പിതാവും നൊബേൽ സമ്മാന ജേതാവുമായ (1921) ആൽബർട്ട് ഐൻസ്റ്റീൻ (1879-1955) നാലു വയസ്സിന് ശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. ജനന സമയത്ത് ഐൻസ്റ്റീന്റെ തലക്ക് വലുപ്പം കൂടുതലായതിനാൽ പലർക്കും ആശങ്കയുണ്ടായിരുന്നു. പഠനത്തിൽ മെല്ലെപ്പോക്കുകാരനായിരുന്ന ഐൻസ്റ്റീൻ ഓർമശക്തിയുടെ കാര്യത്തിലും പിറകിലായിരുന്നു എന്ന് പറയപ്പെടുന്നു. ശൈശവ കാലത്ത് പരിമിതികളോട് പൊരുതേണ്ടി വന്ന ഐൻസ്റ്റീൻ പിൽക്കാലത്ത് തന്റെ ശാസ്ത്രാന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും പിൻബലത്തിൽ ലോകത്തിന്റെ തന്നെ ഗതി മാറ്റിയെഴുതിയ എക്കാലത്തെയും അതുല്യ പ്രതിഭയായി മാറി. ഐൻസ്റ്റീനെ ശാസ്ത്ര കുതുകിയും പിന്നീട് ശാസ്ത്ര മനീഷിയുമാക്കി മാറ്റിയ ഒരു പശ്ചാത്തലമുണ്ട്.

അഞ്ചാം വയസ്സിൽ ഐൻസ്റ്റീൻ പനി പിടിച്ച് കിടക്കുമ്പോൾ അച്ഛൻ

ഒരു വടക്കു നോക്കി യന്ത്രം വാങ്ങിച്ചു കൊടുത്തു. വടക്കു നോക്കി യന്ത്രത്തിന്റെ സൂചിയുടെ ദിശ എപ്പോഴും ഒരേ ഭാഗത്തേക്ക് തന്നെ തിരിയുന്നത് ഐൻസ്റ്റീനെ അത്ഭുതപ്പെടുത്തി. ഏതോ അദൃശ്യശക്തി സൂചിയുടേയും യന്ത്രത്തിന്റെയും പിന്നിലുണ്ടെന്നും ആ ശക്തിയാവും വടക്കു നോക്കി യന്ത്രത്തിന്റെ സൂചിയെ ഒരേ ദിശയിലേക്ക് നയിക്കുന്നതെന്നും ഐൻസ്റ്റീൻ വിശ്വസിച്ചു.

എങ്കിൽ, ആ അദൃശ്യ ശക്തിയേതെന്ന് അന്വഷിക്കേണ്ടതുണ്ട്. അത് കണ്ടെത്തേണ്ടതുണ്ട്.

ഐൻസ്റ്റീനിൽ ശാസ്ത്രാഭിനിവേശം ഉദ്ദീപിപ്പിച്ചത് ഈയൊരു പശ്ചാത്തലമാ ണെന്ന് വിലയിരുത്തപ്പെടാറുണ്ട്.

സാമ്പ്രദായിക ശാസ്ത്ര കാഴ്ചപ്പാടുകൾ തിരുത്തി, ഐൻസ്റ്റീൻ വികസിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം (Theory of Relativity) ജ്ഞാനാന്വേഷണ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. കുട്ടിയായിരിക്കെ താൻ നേരിട്ട വെല്ലുവിളികൾ ഓരോന്നും പ്രായമേറുന്തോറും ഐൻസ്റ്റീൻ അവസരങ്ങളാക്കി മാറ്റുകയായിരുന്നു.

_______________________________

ശൈശവകാല വളർച്ചാ- വികാസപ്രക്രിയ യെക്കുറി ച്ച് പറയുമ്പോൾ, പ്രധാനപ്പെട്ട ഒന്നാണ് നാഡീ- പേശീ വികാസം (Motor Development). കുട്ടികൾക്ക് സ്വന്തം ശരീരത്തെ, ശരീര ചലനത്തെ നിയന്ത്രിക്കാൻ കഴിയണമെങ്കിൽ നാഡീ – പേശീ സമായോജനം ആവശ്യമാണ്. നാഢികളുടെയും പേശികളുടെയും ക്രമപ്രവൃദ്ധമായ വളർച്ചാ- വികാസം നടക്കാതെ വന്നാൽ കുട്ടിക്കത്പ്രയാസ മാവും.

ജനിച്ച് അഞ്ച്- ആറ് വയസ്സാകുമ്പോൾ, കുട്ടികൾ ശാരീരിക ചലനം നിയന്ത്രിക്കുന്നിടത്തേക്ക് സ്വയം ഉയരുന്നത് കാണാം. അതിന്റെ തെളിവുകളാണ് നടത്തവും ഇരുത്തവും എഴുന്നേൽക്കലും ചാട്ടവും ഓട്ടവുമെല്ലാം. കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ, അവർ വസ്തുക്കൾ എടുക്കുന്നതും പിടിക്കുന്നതും എറിയുന്നതും എഴുതുന്നതും ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമൊ ക്കെ നമുക്ക് കാണാനാകും. പേശികൾ കൂടുതൽ കൂടുതൽ സക്രിയമാകുന്നതിന്റെ സൂചനയാണിത്.

ഏതെങ്കിലുമൊരു കുട്ടി മറ്റു സമപ്രായ ക്കാരോടൊപ്പം കളിക്കുന്നതിലോ പ്രവർത്തനങ്ങളിലേർപ്പെടുന്നതിലൊ വിമുഖത കാണിച്ചാൽ അതിന്റെയർത്ഥം, പ്രസ്തുത കുട്ടിക്ക് ജീവിതചുറ്റു പാടുകളുമായി സമരസപ്പെട്ടു പോകാൻ കഴിയുന്നില്ല എന്നാണ്.അതല്ലെങ്കിൽ ശാരീരികമായോ മാനസികമായോ എന്തെങ്കിലും പ്രയാസങ്ങളോ പരിമിതിക ളോ ഉണ്ടെന്നാണ്.

പ്രീ സ്കൂളുകൾ, ഈ വിഷയം ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രായാനുസൃതമായ നാഡീ പേശീ വികാസം എല്ലാ കുട്ടികളിലും നടക്കുന്നുണ്ടോ

എന്നറിയാൻ അവരുടെ ശാരീരിക ചലനം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതിയാകും. ശാരീരിക ചലന വ്യവഹാരങ്ങളിൽ പ്രയാസങ്ങളുണ്ടോ അസന്തുലിതാവ സ്ഥയുണ്ടോ എന്നാണറിയേണ്ടത്.

വളർച്ചാ- വികാസത്തിന്റെ വഴിയിൽ വൈയക്തിക തടസ്സങ്ങളില്ലെങ്കിൽ ഓരോ കുട്ടിയും പ്രതീക്ഷിത ഉയരങ്ങളിലേക്ക് പോകും. സമൂഹത്തിന്റെ പിന്തുണയും കൈത്താങ്ങും കുട്ടിക്കിവിടെ വളരെ പ്രധാനമാണ്. സമൂഹം എന്നതുകൊണ്ടുള്ള വിവക്ഷ, മാതാപിതാക്കളും പരിചാരകരും അധ്യാപകരും ബന്ധുക്കളുമൊക്കെയാണ്. കൈത്താങ്ങും പിന്തുണയും ഇല്ലാതെ പോയാൽ കുട്ടികൾ നിന്നേടത്ത് നിൽക്കും. സമപ്രായക്കാരോടൊപ്പമെത്താൻ അവർക്ക് കഴിയാതെ വരും.

നാഡീ പേശീ വികാസത്തിന് കുട്ടിയെ ആരോഗ്യവതിയാക്കി വളർത്താൻ നമുക്ക് സാധിക്കണം. സ്വതന്ത്രമായി ശരീരം ചലിപ്പിക്കാൻ അവർക്ക് കഴിയണം. എപ്പോഴും സന്തോഷവും ആഹ്ലാദവും പകരണം.സന്തോഷാവസ്ഥയാണ് കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നത്.

കളിക്കൂട്ടുകാർ ലഭ്യമല്ലെങ്കിൽ, സ്വയം കളിക്കാനും ആഹ്ളാദിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നത് നാഢീ – പേശീ വികാസക്ഷമതയാണ്.സമൂഹവുമായി സഹവർത്തിക്കാൻ കഴിയുന്നതിനും സാമൂഹിക ശേഷി ആർജിക്കുന്നതിനും നാഢീ -പേശീ വികാസം നടക്കേണ്ടതുണ്ട്.

 

Category: Head Line

Recent

Load More