കുട്ടി, വികാസം, സ്കൂൾ നിരീക്ഷണങ്ങൾ Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

August 06, 2025 - By School Pathram Academy

കുട്ടി, വികാസം, സ്കൂൾ നിരീക്ഷണങ്ങൾ

Dr. കുഞ്ഞു മുഹമ്മദ് പുലവത്ത് (Former DPO, SSA Ernakulam)

വാൾട്ട് ഡിസ്നി (Walter Aliyas Disney: 1901- 1966) യെ അറിയാത്തവർ നമ്മുടെ കൂട്ടത്തിൽ വിരളമായിരിക്കും. പ്രമുഖ കാർട്ടൂണിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ്, ദ വാൾട്ട് ഡിസ്നി കമ്പനിയുടെ സ്ഥാപകൻ. അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച ഡിസ്നി എന്ന 26 അക്കാദമി അവാർഡുകൾ നേടിയ പ്രതിഭയാണ്. എന്നെ വളരെയേറെ സ്വാധീനിച്ച വാൾട്ട് ഡിസ്നിയുടെ അനുഭവക്കുറിപ്പുകളുണ്ട്. അത് ചുവടെ പറയുന്നു.

”ജീവിതത്തിൽ നമുക്കേൽക്കേണ്ടി വരുന്ന പ്രഹരങ്ങളാണ് നമ്മുടെ നന്മയായി മാറുന്നത്. ഒരു കോളേജിന്റെയും കവാടം ഞാൻ കടന്നിട്ടില്ല. പതിനാറാം വയസിൽ എന്റെ പഠനം അവസാനിച്ചു. പടം വരക്കാനായിരുന്നു എന്റെ അഭിനിവേശം. ദരിദ്ര കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. ബാർബർക്ക് പടം വരച്ചു കൊടുത്താണ് ഞാൻ മുടി വെട്ടിയത്. ജീവിക്കാൻ വേണ്ടി തീവണ്ടികളിൽ ചായയും കാപ്പിയും വിറ്റു നടന്നു.”

പൊള്ളുന്ന ഒരു ശൈശവ കാലം പിന്നിട്ട് ഉയർന്നു വന്ന മഹാ പ്രതിഭയാണ് ഡിസ്നി. ചെറുപ്പത്തിലേ തന്നെ സർഗാത്മകതയും സൗന്ദര്യ ബോധവും ഉയർത്തിപ്പിടിച്ച അനുഗ്രഹീത ചിത്രകാരൻ. ജന്മദത്തമായി കിട്ടിയ സിദ്ധികളിൽ ഡിസ്നി അഭിമാനം കൊണ്ടു. ആ സിദ്ധികൾ മികവുറ്റതാക്കാൻ ഔൽസുക്യത്തോടെ പ്രയത്നിച്ചു. ലക്ഷ്യ ബോധത്തിന്റെയും ഇച്ഛാശക്തിയു ടെയും മുന്നിൽ പരീക്ഷണങ്ങൾ നിഷ്പ്രഭമായി.

ശൈശവ കാലത്തെ വളർച്ചാ- വികാസവു മായി ബന്ധപ്പെടുത്തി രണ്ടു സിദ്ധാന്തങ്ങൾ പറയപ്പെടാറുണ്ട്. Cephalocandal Theory ആണ് അതിലൊന്ന്. രണ്ടാമത്തെത് Proximodistal Theory ആണ്. കുട്ടികളുടെ ശിരസ്സ് മുതൽ കാൽപാദം വരെ നടക്കുന്ന ക്രമപ്രവൃദ്ധമായ വളർച്ചാ- വികാസത്തി ലേക്കാണ് Cephalocandal Theory വെളിച്ചം വീശുന്നത്. നാം മനസ്സിലാക്കിയതു പോലെ ആദ്യമാദ്യം കുട്ടികളുടെ ചലന സാന്നിധ്യം ദൃശ്യമാകുന്നത് ശിരസ്സ്, കൈകാലുകൾ, പാദങ്ങൾ ഇവകളിലാണ്. കുട്ടികളുടെ ശരീരത്തിന്റെ മധ്യഭാഗത്ത് നടക്കുന്ന വളർച്ചാ- വികാസത്തിലേക്കാണ് Proximodistal Theory ശ്രദ്ധ ക്ഷണിക്കു ന്നത്. തോളുകൾ, എടുപ്പ്, കൈകാലു കളിലെ വിരലുകൾ തുടങ്ങിയവയിൽ സംഭവിക്കുന്ന ക്രമപ്രവൃദ്ധമായ മാറ്റങ്ങളെക്കുറിച്ച് ഈ സിദ്ധാന്തം വിവരിക്കുന്നുണ്ട്.

മൂന്നു മാസം വീതമുള്ള ഇടവേളകളിൽ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ശരീരഭാഗങ്ങളിലെ പേശീ വികാസവും തദനുസൃതമായ ചലനവ്യതിയാനങ്ങളും കണ്ടെത്താൻ കഴിയും. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നോക്കു. എന്താണ് നാമാദ്യം കാണുക. മുഷ്ടി ചുരുട്ടുന്നു , പിന്നെ വിടർത്തുന്നു , കാലുകൾ മടക്കുന്നു , അത് തട്ടുന്നു, പിന്നെ ചവിട്ടുന്നു.ആറാം മാസമെത്തുമ്പോൾ ചലനാവസ്ഥ മാറും. കളിപ്പാട്ടങ്ങൾ പിടിക്കാൻ തുടങ്ങും.

വായിലേക്കടുപ്പിക്കും. പതുക്കെ പതുക്കെ പിടിച്ചു നിൽക്കും.ഒമ്പതാം മാസത്തിലേ ക്കെത്തുന്നതോടെ കൗതുകജന്യമായ ചലനവ്യതിയാനത്തിലേക്ക് പ്രവേശിക്കും. കളിപ്പാട്ടങ്ങൾ ഒരു കയ്യിൽ നിന്ന് മറ്റേ കയ്യിലേക്ക് മാറ്റും. വസ്തുക്കൾ എത്തിപ്പിടിക്കും, വലിച്ചു താഴെയിടും, എറിയും, ഇരിക്കാനും ഇഴയാനും നടക്കാനുമൊക്കെ തുടങ്ങും.

ഒരു വയസ് എന്നത് കുട്ടികളുടെ വളർച്ചാ- വികാസ യാത്രയിലെ ഒരു പ്രത്യേക ഘട്ടമാണ്. ബ്ലോക്കുകൾ ഘടിപ്പിക്കാൻ ശ്രമിക്കും, പേജുകൾ മറിക്കും, ഭക്ഷണം വായിലേക്ക് വെക്കും.

പ്രകൃതി നിശ്ചിതമെന്നോ പ്രവചിത മാതൃകയിലുള്ളതെന്നോ പറയാവുന്ന വിധത്തിലാണ് ഓരോ കുട്ടിയുടെയും ശാരീരിക വളർച്ച സംഭവിക്കുന്നത്.ചില കുട്ടികളിൽ കാലതാമസം നേരിട്ടേക്കും. കാരണങ്ങളുണ്ടാകും.

കുട്ടികളുടെ വളർച്ചാ വികാസത്തെക്കുറിച്ച കൃത്യമായ ധാരണകളില്ലാത്തതു കൊണ്ടാവും കാലതാമസം നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ ചില രക്ഷിതാക്കൾ അസ്വസ്ഥരാകുന്നത്. എല്ലാ പൂക്കളും ഒരു പോലെ വിടരാറില്ല എന്നതും എല്ലാ പഴങ്ങളും ഒരു പോലെ പാകാമാകാറില്ല എന്നതും നാം മനസ്സിലാക്കണം.

തോൾ, കൈത്തണ്ട ഭാഗങ്ങളിലെ പേശികൾ ശൈശവ കാലത്ത് ദ്രുതഗതിയിൽ വളർച്ചാ- വികാസം നേടും. എന്നാൽ കൈവിരലുകളിലെ സൂക്ഷ്മ പേശികൾ സാവകാശം മാത്രമേ വളർച്ചാ-വികാസം നേടു. വേഗത്തിലെഴുതാനും സംഗീതോപകരണങ്ങൾ വായിക്കാനും കഴിയണമെങ്കിൽ കൈവിരലുകളിലെ സൂക്ഷ്മ പേശികൾ ശാക്തീകരിക്ക പ്പെടണം.

ആഹാരം കഴിക്കുക, വസ്ത്രം ധരിക്കുക, എഴുതുക, പന്തെറിയുക, പന്ത് പിടിക്കുക, ബ്ലോക്കുകൾ ഘടിപ്പിക്കുക തുടങ്ങിയവ പേശീക്ഷമതയനുസരിച്ച് കുട്ടികൾ ചെയ്യും. പന്ത് എറിയുന്നത് പോലെ എളുപ്പമല്ല പന്ത് പിടിക്കുന്നത്. കൂടുതൽ പേശീക്ഷമത അതിനാവശ്യമുണ്ട്. നാലാം വയസിൽ പന്തെറിയാൻ കഴിയുമെങ്കിൽ ചില കുട്ടികൾക്ക് ആറാം വയസ്സിലേ പന്ത് പിടിക്കാൻ സാധിക്കു.

ഒരു വയസ്സോടെ നടക്കാൻ ആരംഭിക്കുന്ന കുട്ടികൾ ഒന്നര വയസ്സാകുന്നതോടെ അനുബന്ധ ശേഷി കളും നേടും.രണ്ടു വയസ്സാകുന്നതോടെ പിന്നോട്ട് നടക്കാനും ഒറ്റക്കാലിൽ നിൽക്കാനും ശ്രമിക്കും. ഓടാനും ചാടാനും കയറാനും ഇറങ്ങാനും നീന്താനും സൈക്കിൾ ചവിട്ടാനും കഴിയുന്നത് കാലുകളിലെ പേശീക്ഷമതയെ ആശ്രയിച്ചാണ്. ഇപ്പറഞ്ഞത് എല്ലാ കുട്ടികളിലും ഒരു പോലെ നടക്കണമെന്നില്ല. പേശീക്ഷമത കൈവരിക്കുന്നതിൽ പ്രീ സ്കൂൾ പ്രായത്തിനു മുമ്പ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യാസമില്ല. പ്രോൽസാഹനം, അവസരങ്ങൾ, സൗകര്യം, പരിശീലനം എന്നിവ തുല്യമായ അളവിൽ കിട്ടണമെന്ന് മാത്രം. അതേസമയം, പ്രീ സ്കൂൾ പ്രവേശനം നേടിക്കഴിഞ്ഞാൽ ആൺകുട്ടികളിലും പെൺകുട്ടികളിലും പേശീക്ഷമതയിൽ വ്യത്യാസം പ്രകടമാകും.

Category: Head Line

Recent

Load More