കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുന്നു. ഡി.ഡി.ഇ , ഡി.ഇ ഒ, എ. ഇ.ഒ തലത്തിലും വേണെമെന്ന ആവശ്യം ശക്തമാവുന്നു
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുന്നു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന്റെയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയും യോഗത്തിന് പിന്നാലെ പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേർത്തു.
463 ഫയലുകളാണ് പരീക്ഷാഭവനിൽ ഇനിയും നടപടി സ്വീകരിക്കാൻ ഉള്ളത്. ഇതടക്കമുള്ള ഫയലുകൾ മെയ് 5 ന് അദാലത്ത് നടത്തി തീർപ്പാക്കാൻ നിർദ്ദേശം നൽകി.
പരീക്ഷാഭവനിലെ ഫ്രണ്ട് ഓഫീസ് നവീകരിക്കും. അന്വേഷണങ്ങൾക്ക് രണ്ടുപേരെ സ്ഥിരമായി ഇവിടെ ഇരുത്തും. പരീക്ഷാഭവനിലെ 18 സെക്ഷനുകളിലെയും നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ഡ്യൂട്ടിയിൽ ഇല്ലാത്തവർ ആരൊക്കെ എന്ന് ഓഫീസുകൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കും.
പരമാവധി ഒരു ദിവസത്തിനുള്ളിൽ പരീക്ഷാഭവനിൽ നേരിട്ടെത്തുന്ന ആളുകളുടെ പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തണം. പരീക്ഷാഭവനിൽ എത്തുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും ഫയൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് . പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.