കേന്ദ്രസിലബസ് സ്കൂളുകളും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളും ഏകീകൃതരീതിയിൽ പ്രവർത്തിക്കാൻ തീരുമാനം
തിരുവനന്തപുരം: കേന്ദ്രസിലബസ് സ്കൂളുകളും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളും ഏകീകൃതരീതിയിൽ പ്രവർത്തിക്കാൻ തീരുമാനം.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സ്കൂൾതുറക്കൽ, അടയ്ക്കൽ, സുരക്ഷാകാര്യങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സംസ്ഥാനസർക്കാരിന്റെ നിർദേശങ്ങൾ കേന്ദ്രസിലബസ് സ്കൂളുകളും അനുസരിക്കും.
ആറുമാസത്തിലൊരിക്കൽ ഇരുഭാഗത്തുനിന്നുമുള്ളവർ ചേർന്ന് അവലോകനം നടത്തും.സംസ്ഥാനസർക്കാർ കേന്ദ്രസിലബസ് സ്കൂളുകളോട് അകൽച്ചയോടെയാണ് പെരുമാറുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ഈ സ്കൂളുകളിൽ പഠിക്കുന്നവരും നമ്മുടെ കുട്ടികളാണെന്നും അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി വിശദീകരിച്ചു. സ്കൂൾ മാനേജ്മെന്റുകളോടും സർക്കാർ ഉദാരസമീപനം സ്വീകരിക്കും. കേന്ദ്രസിലബസ് സ്കൂളുകളുടെ അംഗീകാര സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാൻ നേരിടുന്ന താമസം നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഇന്ദിരാ രാജൻ വിശദീകരിച്ചു.ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുംമറ്റും എല്ലാ സിലബസുകാർക്കും തുല്യപരിഗണന നൽകണം. സ്കൂൾബസ് നിയന്ത്രണങ്ങൾ, ടി.സി. നിർബന്ധമല്ലാത്തതിനാൽ ഫീസ് അടയ്ക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളിൽ സർക്കാർ അനുഭാവനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.സി.ബി.എസ്.ഇ. റീജ്യണൽ ഓഫീസർ സച്ചിൻ താക്കൂർ, ഐ.സി.എസ്.ഇ.യെ പ്രതിനിധാനംചെയ്ത് ഫാ. ജെയിംസ് മുല്ലശ്ശേരി, ഡി.ജി.ഇ. ജീവൻ ബാബു, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.