കേരളം നടുങ്ങിയ നരബലി വാർത്തയിലെ മുഖ്യപ്രതി ഭഗവൽ സിങ് ആണെന്ന് വിശ്വസിക്കാനാവാതെ ഇലന്തൂരിലെ നാട്ടുകാർ
പത്തനംതിട്ട∙ കേരളം നടുങ്ങിയ നരബലി വാർത്തയിലെ മുഖ്യപ്രതി ഭഗവൽ സിങ് ആണെന്ന് വിശ്വസിക്കാനാവാതെ ഇലന്തൂരിലെ നാട്ടുകാർ. പരമ്പരാഗതമായി തിരുമ്മൽ ചികിത്സാ കേന്ദ്രം നടത്തി വന്നവരാണ് ഭഗവൽ സിങ്ങിന്റെ കുടുംബമെന്നും സംശയമൊന്നും തോന്നിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
‘‘വണ്ടികൾ പലതും വന്നുപോകുമെങ്കിലും ചികിത്സാ കേന്ദ്രമായതിനാല്‍ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ ആളുകൾ വരികയും ഒടിവിനും ചതവിനും മറ്റും ചികിത്സ തേടി മടങ്ങുകയും ചെയ്യുന്നത് പതിവായിരുന്നു.
രാവിലെയുള്ള തിരക്ക് കഴിയുമ്പോൾ ഭഗവൽ സിങ് പുറത്ത് പോയി തിരികെ വരും. രാവിലെ മാധ്യമങ്ങളിലെ വാർത്ത കണ്ട് നടുങ്ങിപ്പോയി’’– പ്രദേശവാസികൾ പറയുന്നു.
ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലാണ് ഭഗവൽ സിങ്ങിന്റെ തിരുമ്മൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭഗവൽ സിങ്ങും ഭാര്യ ലൈലയും താമസിക്കുന്ന വീടു കൂടിയാണ് തിരുമ്മൽ കേന്ദ്രം.
‘ആഞ്ഞിലിമൂട്ടിൽ വൈദ്യന്മാർ’ എന്നാണ് നാട്ടിൽ ഭഗവൽ സിങ്ങും ലൈലയും അറിയപ്പെടുന്നത്. നാട്ടുകാരോട് സ്നേഹത്തോടെയാണ് ഇവർ പെരുമാറിയിരുന്നതെന്നും പ്രദേവാസികൾ പറയുന്നു.
ധനസമ്പാദനത്തിനായി കൊച്ചിയിൽനിന്നു രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ട സംഭവത്തിലാണ് തിരുവല്ല സ്വദേശിയായ ഭഗവൽ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവർ പിടിയിലായത്. കാലടി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും വീടു കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റോസ്‌ലി, പത്മം എന്നിവരെ കൂടാതെ മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്ത മിസിങ് കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.