ഐ.എസ്.ആർ.ഒ. വിക്ഷേപിക്കുന്ന ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ, അതിനൊപ്പമുയരും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിന്റെ പെരുമയും അഭിമാനവും. കേരളത്തിൽനിന്ന് പദ്ധതിയിൽ പങ്കാളിത്തം ലഭിച്ച ഏക വിദ്യാലയമാണ് ചേരിയം ജി.എച്ച്.എസ്.

August 07, 2022 - By School Pathram Academy

ഞായറാഴ്ച രാവിലെ 9.18. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) വിക്ഷേപിക്കുന്ന ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ, അതിനൊപ്പമുയരും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിന്റെ പെരുമയും അഭിമാനവും.

ഈ ഉപഗ്രഹത്തിന്റെ രൂപകൽപനയിൽ പങ്കാളികളാണ് ഈ സ്കൂളിലെ വിദ്യാർഥിനികൾ. കേരളത്തിൽനിന്ന് പദ്ധതിയിൽ പങ്കാളിത്തം ലഭിച്ച ഏക വിദ്യാലയമാണ് ചേരിയം ജി.എച്ച്.എസ്. താപനിലയും വേഗവും അളക്കുന്ന ചിപ്പാണ് സ്കൂളിലെ വിദ്യാർഥിനികൾ വികസിപ്പിച്ചത്.

 

എല്ലാമൊരു സ്വപ്നംപോലെ

 

2022 മാർച്ചിൽ സ്കൂളിലെ പത്ത് വിദ്യാർഥിനികളെ പ്രഥമാധ്യാപകൻ പി. അൻവർ ബഷീർ ഒരുമിച്ചുകൂട്ടി. ഐ.എസ്.ആർ.ഒ. വിക്ഷേപിക്കുന്ന ഒരു ഉപഗ്രവുമായി ബന്ധപ്പെട്ട ചില ജോലികൾ ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥിനികളായ പി. ഹനാ, കെ. അർഷ, കെ. നുസ്ല, സി.പി. അൻഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, കെ. നിഹ, നജ, കെ. ദിയ ഫാത്തിമ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

ചെന്നൈ ആസ്ഥാനമായുള്ള സ്പെയ്സ് കിഡ്സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽനിന്ന് ഫെബ്രുവരിയിൽ സ്കൂളിലേക്ക് ഇ-മെയിൽ കിട്ടി. ഉടൻതന്നെ പദ്ധതിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി. പിന്നാലെ സ്കൂളിനെ തിരഞ്ഞെടുത്തതായി അറിയിച്ച് ഫോൺ സന്ദേശവും വന്നു.

 

മാർച്ച് 10-ന് ചിപ്പ് അടങ്ങിയ പെട്ടിയെത്തി. സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപികയായിരുന്ന നമിത പ്രകാശിന്റെ നേതൃത്വത്തിൽ വിദ്യാർഥിനികൾ ജോലി തുടങ്ങി. ചിപ്പ് പ്രോഗ്രാം ചെയ്തെടുക്കുകയായിരുന്നു ദൗത്യം. നിർദേശങ്ങൾ സ്പെയ്സ് കിഡ്സ് അധികൃതർ വീഡിയോ രൂപത്തിൽ അയച്ചുനൽകി. ഉച്ചസമയത്തെ ഇടവേളകളിൽ ലാപ്ടോപ്പിലായിരുന്നു പ്രവർത്തനങ്ങൾ. മൂന്നുദിവസംകൊണ്ട് ജോലി പൂർത്തിയാക്കി. അന്തരീക്ഷ താപനിലയും വേഗവുമൊക്കെ അളക്കാൻ കഴിയുന്ന രീതിയിലേക്ക് അപ്പോഴേക്ക് ചിപ്പ് വികസിച്ചിരുന്നു. മാർച്ച് 17-ന് ചിപ്പ് ചെന്നൈയിലേക്ക് തിരിച്ചയച്ചുനൽകിയതോടെ സ്കൂളിലെ ജോലി പൂർത്തിയായി.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ഐ.എസ്.ആർ.ഒ.യുടെ വിക്ഷേപണവാഹനമായ എസ്.എസ്.എൽ.വി.യിലാണ് (സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ഞായറാഴ്ച രാവിലെ ആസാദിസാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക.

Category: NewsSchool News