കേരളത്തിൽ നരബലി …?

October 11, 2022 - By School Pathram Academy

കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന.

തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ്   ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

 

ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി.

തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.

പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയിൽ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

Category: News