കേരളോത്സവം 2021: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.keralotsavam.com എന്ന ലിങ്കിലൂടെ മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 30 ആണ് അവസാന തീയതി.
ഓൺലൈൻ രജിസ്ട്രേഷൻ വിശദാംശങ്ങൾ
കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021 വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് ബ്ലോക്ക്‌തലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേയ്‌ക്ക് മത്സരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ് ലോഡിംഗും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
നവംബർ 25 മുതല്‍ 30 വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പരും കോഡ് നമ്പരും ലഭ്യമാകും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് അടുത്തഘട്ടത്തില്‍ മത്സരങ്ങളുടെ റിക്കോര്‍ഡ് ചെയ്‌ത വീഡിയോകള്‍ അപ് ലോഡ് ചെയ്യേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമേ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയുള്ളൂ. വീഡിയോകള്‍ റിക്കോര്‍ഡ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച കോഡ് നമ്പരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ജില്ലാതല മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനായി വീണ്ടും നിശ്ചിത ദിവസം കൂടി ലഭിക്കുന്നതാണ്.
മത്സര വീഡിയോകള്‍ പ്രാഥമികതലത്തില്‍ വിദഗ്‌ദ്ധസമിതി സ്‌ക്രീനിംഗ് നടത്തിയശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു ഇനത്തില്‍ നിന്നും 5 എന്‍ട്രികള്‍ വീതം അടുത്തതലത്തിലേക്ക് (ജില്ലാതലം) നല്‍കുന്നു. ആ തലത്തിലെ വിധിനിര്‍ണ്ണയത്തിനുശേഷം ജില്ലാതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവരുടെ പട്ടിക വെബ് സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നു. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ സംസ്ഥാന മത്സരത്തിലേക്കായി ഒരു തവണ കൂടി അപ് ലോഡ് ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ വീഡിയോ അപ് ലോഡ് ചെയ്‌തിട്ടില്ലെങ്കില്‍ അവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. അപ് ലോഡ് ചെയ്യുന്ന വീഡിയോകള്‍ സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയം നടത്തി വിജയികളെ തീരുമാനിക്കുന്നു. ജില്ലാ- സംസ്ഥാനതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രൈസ്‌മണി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നു. മത്സരഫലങ്ങള്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റ്, കേരളോത്സവം വെബ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെയായിരിക്കും പ്രസിദ്ധീകരിക്കുക.