കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) ഏപ്രിൽ 18നു സർക്കാർ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ഒരു വിഭാഗം വിദ്യാർഥികൾക്കു ജൂൺ മുതൽ സെപ്റ്റംബർ വരെ അധ്യയന ദിവസങ്ങളും അധ്യയനവും തടസ്സപ്പെടുന്നുവെന്നാരോപിച്ച് …

June 07, 2022 - By School Pathram Academy

കൊച്ചി ∙ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) ഏപ്രിൽ 18നു സർക്കാർ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ഒരു വിഭാഗം വിദ്യാർഥികൾക്കു ജൂൺ മുതൽ സെപ്റ്റംബർ വരെ അധ്യയന ദിവസങ്ങളും അധ്യയനവും തടസ്സപ്പെടുന്നുവെന്നാരോപിച്ചു പ്രൈവറ്റ് സ്കൂൾ (എയ്‌ഡഡ്) മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെപിഎംഎച്ച്എസ്എസ് മാനേജരുമായ കെ. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടത്. ഹർജി 10ന് വീണ്ടും പരിഗണിക്കും.

ഭേദഗതികൾ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾക്കും കേരള വിദ്യാഭ്യാസ നിയമത്തിനും വിരുദ്ധമാണെന്നും സ്കൂൾ മാനേജർമാരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കുമെന്നുമുള്ള വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു ഹൈക്കോടതി വിലയിരുത്തി.

അഡീഷനൽ ഡിവിഷനോ കൂടുതൽ അധ്യാപക തസ്തികയോ എല്ലാവർഷവും ഒക്ടോബർ 1 മുതലായിരിക്കും പ്രാബല്യത്തിലാവുകയെന്നത് അടക്കമുള്ള വ്യവസ്ഥകളാണു ചോദ്യം ചെയ്തത്. തസ്തിക നിർണയം ജൂലൈ 15നായിരിക്കുമെന്നും ഭേദഗതിയിലുണ്ട്.

എന്നാൽ, അധ്യയന വർഷം ആരംഭിക്കുന്നതു ജൂൺ ഒന്നിന് ആയിരിക്കെ, ഭേദഗതി പ്രാബല്യത്തിലായാൽ ജൂൺ 1 മുതൽ ജൂലൈ 14 വരെ അധ്യാപകരുടെ കുറവുണ്ടാകുമെന്നും അഡീഷനൽ ഡിവിഷനുകളിൽ ഒക്ടോബർ 1 വരെ അധ്യാപകരുണ്ടാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.ദീർഘകാലമായി ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കുന്ന കാര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനവുമായി കൂടിയാലോചിച്ച് ഹെഡ്‌മാസ്റ്ററോ വൈസ് പ്രിൻസിപ്പലോ നടപടിയെടുക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥയെന്നു ഹർജിക്കാർ അറിയിച്ചു.

വിദ്യാഭ്യാസ ഓഫിസർ പരിശോധന നടത്തുന്ന ദിവസം കുട്ടികൾ ഹാജരായില്ലെങ്കിൽ വ്യാജ അഡ്‌മിഷനായി കണക്കാക്കും. കുട്ടികളെ എങ്ങനെയും സ്കൂളിൽ നിലനിർത്തുകയെന്നതാണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ലക്ഷ്യമെന്നിരിക്കെ ഭേദഗതി വ്യവസ്ഥയിൽ കുട്ടികളെ ഒഴിവാക്കാനാണു നിർദേശിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

വ്യാജമായി കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധിക ബാച്ചുകൾ അനുവദിച്ചുകിട്ടുന്നത് ഒഴിവാക്കാനാണ് വ്യവസ്ഥകൾ കൊണ്ടുവന്നതെന്ന് സർക്കാർ വിശദീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണോ ഭേദഗതി വ്യവസ്ഥകളെന്നു പരിശോധിക്കുമെന്നും എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്നും സർക്കാർ വ്യക്തമാക്കി.