കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഏപ്രില്‍ 8 മുതല്‍ 11 വരെ

കേരളോത്സവം കോതമംഗലത്ത് വച്ച് സംഘടിപ്പിക്കും
യുവജനങ്ങളുടെ കലാ കായിക സര്‍ഗ്ഗശേഷികള്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഏപ്രില്‍ 8 മുതല്‍ 11 വരെ എറണാകുളം ജില്ലയിലെ കോതമംഗലത്ത് നടക്കും. വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും, 118 കായിക മത്സരങ്ങളുമാണ് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുക. കോതമംഗലത്ത് ആദ്യമായാണ് സംസ്ഥാനതലത്തിൽ ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്
സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ 6 വൈകിട്ട് 6 ന് മാര്‍ ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ചിട്ടുള്ള പുസ്തകശാല, ചിത്ര പ്രദര്‍ശനം, ടൂറിസം തുടങ്ങിയ എക്സിബിഷന്‍ സെന്ററുകളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിക്കും.സംസ്ഥാനത്തുടനീളം നിന്നും നിരവധി പേർ കേരളോത്സവത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ 7 ന് വൈകിട്ട് 4 ന് ‘ നോ പറയാം മയക്കു മരുന്നിനോട് ചേര്‍ത്തു പിടിക്കാം നമ്മുടെ നാടിനെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടക്കുന്ന കൂട്ടയോട്ടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. മയക്കുമരുന്നിനെതിരെ ബോധവൽക്കരണവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ 8 ന് വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് നടക്കും.
ഏപ്രില്‍ 9 മുതല്‍ 11-ാം തീയതി വരെ വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങള്‍ നടക്കും
11-ാം തീയതി സമാപന പൊതു സമ്മേളനവും പ്രതിഭാ പുരസ്‌കാര വിതരണവും നിയമസഭസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻ്റ് അരങ്ങേറും.