കൈറ്റ് രൂപീകൃതമായിട്ട് ഇന്നേയ്ക്ക് (ജൂലൈ 20) അഞ്ച് വര്‍ഷം—– കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷന്‍ അവാര്‍ഡ്

July 20, 2022 - By School Pathram Academy

കൈറ്റ് രൂപീകൃതമായിട്ട് ഇന്നേയ്ക്ക് (ജൂലൈ 20) അഞ്ച് വര്‍ഷം—–

*കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷന്‍ അവാര്‍ഡ്*————————-

 

പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. ‘പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷന്‍’ (Procedural Intervention) വിഭാഗത്തിലാണ് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ്.

 

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2000-ത്തില്‍ തുടക്കം കുറിച്ച ഐ.ടി.@സ്കൂള്‍ പ്രോജക്ടാണ് അഞ്ചു വര്‍ഷം മുന്‍പ് (2017 ജൂലൈ 20-ന്) കൈറ്റ് എന്ന പേരില്‍ സര്‍ക്കാര്‍ കമ്പനിയായി മാറിയത്. എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കല്‍, 11,000 പ്രൈമറി സ്കൂളുകളില്‍ ഐ.ടി. ലാബുകള്‍ സ്ഥാപിക്കല്‍, ‘സമഗ്ര’ റിസോഴ്സ് പോര്‍ട്ടല്‍ ഒരുക്കല്‍ തുടങ്ങിയ 800 കോടി രൂപയുടെ പദ്ധതികള്‍ അഞ്ചുവര്‍ഷം കൊണ്ട് കൈറ്റ് വിജയകരമായി പൂര്‍ത്തിയാക്കി. 2020 ഒക്ടോബര്‍ 12 ന് വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് രണ്ട് ലക്ഷം ലാപ്‍ടോപ്പുകളില്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ഖജനാവിന് ലാഭിക്കാനാകുന്നതും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

ഐ.ടി. @ സ്കൂളില്‍ നിന്നും കൈറ്റ് ആയി മാറിയപ്പോള്‍ കിഫ്ബിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള എസ്.പി.വി. ആയും കൈറ്റ് പ്രവര്‍ത്തിക്കുന്നു. 5 കോടി രൂപയുടെ 139 സ്കൂളുകളുടെയും 3 കോടി രൂപയുടെ 93 സ്കൂളുകളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ 96% പൂര്‍ത്തിയായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ദേശീയ തലത്തിലുള്ള 9 അവാര്‍ഡുകള്‍ ഉള്‍പ്പെടെ പതിനഞ്ച് അവാര്‍ഡുകള്‍ കൈറ്റിന് ലഭിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയായി ‘സ്കൂള്‍വിക്കി’, കേരളത്തിലെ ആദ്യ ഔദ്യോഗിക ഓണ്‍ലൈന്‍ കോഴ്സായ ‘കൂള്‍’, പൊതുവിദ്യാഭ്യാസ വകുപ്പിലെ തസ്തിക നിര്‍ണയം, സ്റ്റാഫ് ഫിക്സേഷന്‍, നിയമനവും സ്ഥലം മാറ്റവും, കലോത്സവങ്ങള്‍ തുടങ്ങിയവയുടെ ഐ.ടി. ആപ്ലിക്കേഷനുകള്‍ അടക്കം നിരവധി ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും കൈറ്റ് നടപ്പാക്കി വരുന്നുണ്ട്.

 

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തയ്യാറാക്കിയ 18,000 ഡിജിറ്റല്‍ ക്ലാസുകളടങ്ങിയ ഫസ്റ്റ്ബെല്ലാണ് കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷന്‍ അവാര്‍ഡിനര്‍ഹമാക്കിയ ഒരു പ്രോഗ്രാം. 3.57 ലക്ഷം കുട്ടികള്‍ ഇതിനകം അംഗങ്ങളായ ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളാണ് മറ്റൊന്ന്. ഈ വര്‍ഷം 9000 റോബോട്ടിക് കിറ്റുകളും 16,500 ലാപ്‍ടോപ്പുകളും കൈറ്റിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ വിന്യസിക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

കെ.അന്‍വര്‍ സാദത്ത്

സി.ഇ.ഒ. കൈറ്റ്

#kite

#ProceduralIntervention

#chiefministersinnovationaward

Category: News