‘ കൈറ്റ്‍ ലെന്‍സ് ‘ ആദ്യ വിദ്യാഭ്യാസ ഉള്ളടക്ക നിര്‍മാണകേന്ദ്രം ഉദ്ഘാടനം മെയ് 15 ന് കൊച്ചിയില്‍
‘ കൈറ്റ്‍ ലെന്‍സ് ‘ ആദ്യ വിദ്യാഭ്യാസ ഉള്ളടക്ക നിര്‍മാണകേന്ദ്രം ഉദ്ഘാടനം മെയ് 15 ന് കൊച്ചിയില്‍
****************
ആകര്‍ഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിര്‍മിക്കുന്ന തിന് ആവശ്യമായ എല്ലാ വിഭവങ്ങളും നല്‍കുന്ന ഏകജാലക കേന്ദ്രമായ ‘കൈറ്റ് ലെന്‍സ്’ എഡ്യൂക്കേഷണല്‍ കണ്ടന്റ് ക്രിയേഷന്‍ ഹബ് എറണാകുളത്തെ ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണല്‍ റിസോഴ്സ് സെന്ററില്‍ മെയ് 15 ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ള അധ്യാപകര്‍ക്ക് അവരുടെ ആശയം പൂര്‍ത്തീകരിക്കുന്നതിനുള്ള എല്ലാ സഹായവും നല്‍കുന്ന വിധത്തിലാണ് കൈറ്റ് ലെന്‍സ് സ്റ്റുഡിയോ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.
സാധാരണ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ചെലവു കുറഞ്ഞ രൂപത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കം സാധ്യമാക്കുന്ന കൈറ്റ് ലെന്‍സ് രാജ്യത്തെ ആദ്യ സംരംഭമാണ്. പരമ്പരാഗത ക്ലാസ് റൂം പഠനവും ഡിജിറ്റല്‍ പഠനവും തമ്മിലുള്ള വിടവ് നികത്താന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും കൈറ്റ് ലെന്‍സിലൂടെ സാധ്യമാക്കും.
4K വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം, സൗണ്ട് ട്രീറ്റഡ് ഷൂട്ടിംഗ് ഫ്ലോര്‍, സൈക്ലോരമ, ക്രോമ സൗകര്യങ്ങള്‍, സൗണ്ട്-വിഷ്വല്‍ മിക്സിങ്ങ്, ഗ്രാഫിക്-എഡിറ്റിംഗ് സ്യൂട്ട്, സൗണ്ട് ട്രീറ്റ്മെന്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന മികച്ച സ്റ്റുഡിയോ ഫ്ലോര്‍ ആണ് കൈറ്റ് ലെന്‍സിനുള്ളത്.
രാവിലെ 9.30 ന് ഇടപ്പള്ളിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയർ അഡ്വ. അനില്‍ കുമാര്‍ അദ്ധ്യക്ഷനും ഹൈബി ഈഡന്‍ എം.പി.യും ഉമാ തോമസ് എം.എല്‍.എ.യും മുഖ്യാതിഥികളുമായിരിക്കും.
കെ. അന്‍വര്‍ സാദത്ത്
സി ഇ ഒ , കൈറ്റ്