കോടതി വിധി: എയ്ഡഡ് അധ്യാപകരുടെ ജോലി പോകും ?

December 16, 2021 - By School Pathram Academy

5 വർഷം തുടർച്ചയായുള്ള അവധിക്കു ശേഷം ജോലിയിൽ തിരിച്ചു കയറിയില്ലെങ്കിൽ സർവീസിൽനിന്നു പുറത്താകുമെന്ന കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് 5 വർഷത്തിലേറെ ദീർഘകാല അവധിക്ക് അർഹതയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.മലപ്പുറം ചെങ്ങോട്ടൂർ എഎം എൽപി സ്കൂളിലെ അധ്യാപകൻ ഷാജി പി.ജോസഫ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

 

അധ്യാപകൻ ഷാജി പി.ജോസഫ് 2005 ൽ 5 വർഷത്തെ അവധിയെടുത്തു വിദേശത്തു പോയി. 2010 ൽ 5 വർഷം കൂടി അവധിയെടുത്തു. 2015 ൽ വീണ്ടും 5 വർഷം അവധി നീട്ടി ചോദിച്ചെങ്കിലും അനുമതി നിഷേധിച്ചതു ചോദ്യം ചെയ്താണു ഹർജി. സർക്കാർ സ്കൂൾ അധ്യാപകർക്ക് കേരള സർവീസ് ചട്ടമനുസരിച്ച് 20 വർഷം വരെ അവധി കിട്ടും. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇതു ബാധകമാണെന്നു ഹർജിക്കാരൻ വാദിച്ചു. (2020 ലെ ഭേദഗതിയിലൂടെ ഇത് ഇപ്പോൾ 5 വർഷമാണ്) കേരള വിദ്യാഭ്യാസ ചട്ടം 14എ അധ്യായത്തിലെ 56(4) ചട്ടമനുസരിച്ച് എയ്ഡഡ് സ്കൂൾ അധ്യാപകർ 5 വർഷം കഴിഞ്ഞും ഹാജരായില്ലെങ്കിൽ സർവീസിൽനിന്നു പുറത്താകുമെന്നു വ്യവസ്ഥയുണ്ട്. ഈ കാലാവധിക്കു ശേഷം ഹാജരാകാത്തവരുടെ അവധി അർഹത കേരള സർവീസ് ചട്ടത്തിലെ വ്യവസ്ഥ നോക്കി വിലയിരുത്തേണ്ട കാര്യമില്ലെന്നു കോടതി പറഞ്ഞു. മാനേജരും പ്രധാന അധ്യാപകനും അവധി നിരസിച്ചതിൽ തെറ്റില്ലെന്നും ഇടപെടാൻ കാരണമില്ലെന്നും കോടതി വ്യക്തമാക്കി.