കോട്ടൺഹിൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് സ്ഥലം മാറ്റം
ഒടുവിൽ കോട്ടൺഹിൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പി.ടി.എ ഫണ്ട് തട്ടിപ്പും അബ്കാരി കേസും ഉൾപ്പെടെയുള്ള പരാതികൾ നിലനിന്ന കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എ. വിൻസെന്‍റ് ഒടുവിൽ തെറിച്ചു. ഇദ്ദേഹത്തെ കൊല്ലം കുളത്തൂപ്പുഴ ഗവ. എച്ച്.എസ്.എസിലേക്കാണ് സ്ഥലം മാറ്റിയത്. പകരം തിരുവനന്തപുരം പി.എം.ജി ഗവ. സിറ്റി വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് പി.ബി. ഷാമിയെ കോട്ടൺഹിൽ സ്കൂളിലേക്ക് മാറ്റിനിയമിച്ചു. കുളത്തൂപ്പുഴ ഗവ. എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് എസ്. ജിജിയെ തിരുവനന്തപുരം ഗവ. സിറ്റി വി.എച്ച്.എസ്.എസിലേക്കും മാറ്റിനിയമിച്ചു. ഭരണപരമായ സൗകര്യാർഥമാണ് സ്ഥലംമാറ്റമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നതെങ്കിലും സ്കൂളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം. ഉത്തരവിറങ്ങിയതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചക്ക് സ്കൂളിൽ ചുമതലയേൽക്കാൻ എത്തിയ പുതിയ ഹെഡ്മിസ്ട്രസ് പി.ബി. ഷാമിക്ക് ചുമതല കൈമാറാൻ ആദ്യം വിൻസെന്‍റ് തയാറായില്ല. തനിക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ചുമതല കൈമാറാൻ വിസമ്മതിച്ചത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഇടപെടലുണ്ടായി. ഉത്തരവ് സ്കൂളിലെ ഔദ്യോഗിക ഇ- മെയിലിൽ അയച്ചതായും അതുപ്രകാരം അടിയന്തരമായി ചുമതല കൈമാറി വിടുതൽ ചെയ്യാനും നിർദേശം ലഭിച്ചു.
പിന്നാലെയാണ് ചുമതല കൈമാറ്റമുണ്ടായത്. നേരത്തേ അച്ചൻകോവിൽ സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം അബ്കാരി കേസിൽ അകപ്പെടുന്നത്. അച്ചടക്ക നടപടിക്ക് വിധേയനായ ഇദ്ദേഹത്തെ പിന്നീട് കഴിഞ്ഞ വർഷം ജൂലൈയിൽ നിയമിച്ചത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിലേക്കായിരുന്നു.
പി.ടി.എ ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നാല് പരാതികളാണ് ഇതിനകം ഹെഡ്മാസ്റ്റർക്കെതിരെ സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി (എസ്.എം.സി), അധ്യാപകർ, ജീവനക്കാർ ഉൾപ്പെടെ നൽകിയത്.
ഇതിൽ നടപടി നിർദേശിച്ച ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് ഉൾപ്പെടെ പൂഴ്ത്തിവെച്ചാണ് ഹെഡ്മാസ്റ്ററെ സംരക്ഷിച്ചത്. സ്കൂളിൽ ചെറിയ ക്ലാസിലെ കുട്ടികൾക്ക് നേരെയുണ്ടായ റാഗിങ് പരാതിക്ക് പിന്നാലെയാണ് ഹെഡ്മാസ്റ്റർക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകിയതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിന്‍റെ തലപ്പത്ത് അധ്യാപികയെ കൊണ്ടുവരണമെന്ന ആവശ്യവും പുതിയ നിയമനത്തിൽ നടപ്പാക്കി.