കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടിൽ തള്ളി, ജിംനേഷ്യം പരിശീലകൻ പിടിയിൽ

June 26, 2022 - By School Pathram Academy

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടിൽ തള്ളി, ജിംനേഷ്യം പരിശീലകൻ പിടിയിൽ

 

ഫിറ്റ്‌നെസ് പരിശീലകനായ പ്രതി അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലനം നൽകിയിരുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുമാസം മുമ്പ് ഗോവ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്)യിലെ അംഗങ്ങൾക്കും പ്രതി പരിശീലനം നൽകിയിരുന്നു.

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. കോർലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓൾഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദത്തിൽനിന്ന് പ്രൊഫസർ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകൾ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നൽകിയതോടെയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാർ വഴിയരികിൽ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടർന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറിൽനിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

ബിദ്രയുടെ ഫ്ളാറ്റിൽവെച്ചാണ് പോലീസ് ആദ്യം ഇയാളെ ചോദ്യംചെയ്തത്. ആദ്യഘട്ടത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികൾ നൽകി ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് ഗൗരി ആചാരി പരിചയപ്പെടുന്നത്. പേഴ്സണൽ ഫിറ്റ്നെസ് പരിശീലകനെ തേടിയിരുന്ന ഗൗരിക്ക് ഇന്റർനെറ്റിൽനിന്നാണ് ഗൗരവിന്റെ വിലാസവും നമ്പറും ലഭിച്ചത്. തുടർന്ന് ഗൗരവിനെ ബന്ധപ്പെടുകയും ഇയാൾ യുവതിക്ക് പരിശീലനം നൽകുന്നത് ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ സൗഹൃദത്തിലായി. എന്നാൽ കഴിഞ്ഞമാസം മുതൽ യുവതി ഗൗരവിൽനിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാൻ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചതെന്നും ഈ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

Category: News