ഗണിത വിജയം അധ്യാപക പരിശീലനം
ഗണിത വിജയം
അധ്യാപക പരിശീലനം
2017 -18 അധ്യയനവർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഗണിത പഠന പരിപോഷണ പദ്ധതിയാണ് ഗണിതവിജയം. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ആയ സംഖ്യാബോധം, ചതുഷ്ക്രിയകൾ എന്നിവയിൽ ഊന്നിയപഠന പദ്ധതിയാണിത്. കുട്ടികൾക്ക് താല്പര്യത്തോടെ യും ആസ്വാദ്യകരമായും ഗണിത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉള്ള അവസരം നൽകുന്നത് വഴി ഗണിതപഠനത്തിൽ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റുക എന്ന ഉദ്ദേശവും ഈ പദ്ധതിക്ക് ഉണ്ട്. കൂടാതെ പഠനം നേട്ടങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നുള്ളത് ഈ വർഷത്തെ ഗണിത വിജയത്തിന്റെ പ്രത്യേകതയായി എടുത്തു പറയേണ്ടതാണ്
3,4ക്ലാസ്സുകളിലേക്കുള്ള ഗണിത വിജയം പരിപാടികളുടെ കണിയാപുരം ഉപജില്ലാതല അദ്ധ്യാപക പരിശീലനം 30/07/2022 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ കണിയാപുരം BRC യിൽ വച്ചു നടന്നു.
പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം ഉനൈസാ അൻസാരി , BPC ഉണ്ണികൃഷ്ണൻ പാറക്കൽ , GV സതീഷ് , S മധുസൂദനക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന പരിശീലന പരിപാടിയുടെ ആദ്യ സെഷൻ ടിപ് ആക്ടിവിറ്റി യിലൂടെയാണ് ആരംഭിച്ചത്. ഒന്ന് എന്ന സംഖ്യ യിൽ തുടങ്ങി ഒന്നിന്റെ സവിശേഷതകളും പ്രത്യേകതകളും കണ്ടെത്തി 10, 100, 1000, എന്നീ സംഖ്യകളെ ക്രിയാത്മകമായ രചനകളിലൂടെയും ചിത്രീകരണങ്ങളിലൂടെയും അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. അധ്യാപകരുടെ രചനകളും ചിത്രീകരണങ്ങളും പുസ്തകരൂപത്തിലാക്കി പ്രകാശനം ചെയ്യുകയുണ്ടായി.
തുടർന്ന് നടന്ന ഞങ്ങളൊന്ന് എന്ന രസകരമായ ഗെയിമിലൂടെ നാലക്ക സംഖ്യ രൂപീകരണവും അവയുടെ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനവും എന്ന നാലാം ക്ലാസിലെ പഠന നേട്ടത്തെ ആസ്പദമാക്കി നടന്ന ക്ലാസ് റൂം പ്രവർത്തനം അധ്യാപകർ ആവേശപൂർവ്വം ആണ് ഏറ്റെടുത്തത്. എല്ലാവരുടെയുംസജീവ പങ്കാളിത്തം ഉറപ്പാക്കാനായത് വെല്ലുവിളി ഉയർത്തുന്ന പ്രശ്നം അവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് എന്ന് അധ്യാപകർ വിലയിരുത്തി.
സംഖ്യയുടെ വ്യത്യസ്ത രൂപങ്ങൾ ചാർട്ട് പേപ്പറിൽ പ്രദർശിപ്പിച്ചുകൊണ്ട് നടന്ന അവതരണ ത്തിനു ശേഷം അടുത്ത സെഷനിലേക്ക് കടന്നു.
ഭിന്നശേഷിക്കാരായ വിദ്യാർഥികളെ കൂടി ഉൾ ചേർത്തുകൊണ്ട് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതിന് ആവശ്യകത ജയലത ടീച്ചർ ഓർമിപ്പിച്ചു.
തുടർന്ന് നടന്ന ടിപ്പ് ആക്ടിവിറ്റി യിലൂടെ ഒരു സമചതുര ത്തിന്റെ വ്യത്യസ്തമായ 7 ഭാഗങ്ങൾ ചേർത്തുവച്ചുകൊണ്ട് സമചതുരം നിർമ്മിക്കുക എന്ന പ്രവർത്തനം അധ്യാപകർക്ക് വെല്ലുവിളി ഉയർത്തുന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ വളരെ ആവേശത്തോടെ കൂടി അധ്യാപകർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ചില സൂചനകൾ നൽകിയപ്പോൾ ചില ഗ്രൂപ്പുകൾക്ക് സമചതുരം നിർമ്മിക്കാൻ സാധിച്ചു. അതെ പേപ്പർ കഷണങ്ങൾ ഉപയോഗിച്ചുകൊണ്ട് ത്രികോണ നിർമിതി യെക്കുറിച്ചും ആർ പി വിശദീകരിച്ചു.
തുടർന്ന് നടന്ന സെഷനിൽ ഗണിത വിജയം ഗെയിം കാർഡുകൾ അധ്യാപകർക്ക് പരിചയപ്പെടുത്തുകയും ഓരോ ഗ്രൂപ്പിനും ഓരോ ഗെയിം കാർഡ്, ടോക്കൺ,ഡയസ്എന്നിവ നൽകിയശേഷം അവതരിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.
ആരാണ് ആദ്യം, ഗുണിക്കാം മുന്നേറാം, നമ്പർ ട്രാക്ക്, പന്ത്രണ്ടിലത്താം, കുറയ്ക്കാoമറക്കാം, പാമ്പും കോണിയും, ഡോമിനോ കളി, എന്നീ കളികൾ ഗ്രൂപ്പ് തലത്തിൽ അവതരിപ്പിക്കുകയും ഓരോ ഗെയിം അവതരണത്തിന് ശേഷവും മറ്റു ഗ്രൂപ്പുകൾ പ്രകടിപ്പിച്ച സംശയം ആർ പിമാർ ഇടപെട്ട് ആശയവ്യക്തത വരുത്തുകയും ചെയ്തു.
തുടർന്ന് നടന്ന സെഷനിൽ എടിഎം, ചെക്ക് മാറാൻ, തവളച്ചാട്ടം, ഗോലികളി, നിധിവേട്ട എന്നീ ഗെയിമുകളും ഗ്രൂപ്പ് തല പ്രവർത്തനത്തിന് ശേഷം അവതരിപ്പിക്കപ്പെട്ടു.
# ആവശ്യമായ പഠനോപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ?
# പ്രശ്നങ്ങൾ വെല്ലുവിളിയുയർത്തുന്ന താണോ?
# മത്സര സ്വഭാവമുണ്ടോ?
# സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞോ?
# ഏത് പഠന നേട്ടത്തിനുള്ള പ്രവർത്തനമാണ്? #യുക്തിചിന്തക്ക് അവസരമുണ്ടോ?
എന്നീ സൂചകങ്ങൾ ഉപയോഗിച്ച് വിലയിരുത്തപ്പെട്ടു.
തുടർന്ന് നടന്ന സെഷനിൽ സങ്കലനം വ്യവകലനം ഗുണനം എന്നീ അടിസ്ഥാന ക്രിയകൾ കണ്ടെത്താനുള്ള വ്യത്യസ്ത വഴികൾ പങ്കുവെച്ചു. മന ഗണിതത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനെ പ്രസക്തിയെക്കുറിച്ച് ആർ പിമാർ വിശദീകരിച്ചു.
രസകരങ്ങളായ ചില മന ഗണിത ട്രിക്കുകൾ പരിചയപ്പെട്ടു.
തുടർന്ന് നടന്ന സെഷനിൽ സി പി ടി എ സംഘാടനം വിശദമായി ചർച്ചചെയ്യുകയുണ്ടായി. രക്ഷിതാക്കൾക്ക് ഗണിതവിജയം പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ട തുണ്ടെന്നും ക്രോഡീകരിച്ചു.
സ്കൂൾതല പ്രവർത്തനങ്ങളുടെ മോണിറ്ററിങ് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പരിശീലനപരിപാടി 4.30 ന് അവസാനിച്ചു.
മധുസൂദന കുറുപ്പ്, ബിനു.M. R, ജയലത എന്നീ അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു. ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളി ലേക്ക് ഓരോ പഠന നേട്ടവും എത്തിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ അദ്ധ്യാപകർ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ഐ ഇ ഡി സി ചുമതല വഹിക്കുന്ന ജയലത ടീച്ചർ വിശദീകരിച്ചു.