ഗോപിനാഥ് മുതുകാടിനൊപ്പം വീണ്ടും കുട്ടികൾക്കായി
ഗോപിനാഥ് മുതുകാടിനൊപ്പം വീണ്ടും കുട്ടികൾക്കായി.
********************************
ദശകങ്ങളായി തുടരുന്ന വിശുദ്ധമായ ഒരു സാഹോദര്യമാണ് ഞാനും ഗോപിനാഥ് മുതുകാടും തമ്മിൽ. ഒരു മായാജാലക്കാരനും നാടകക്കാരനുമായുള്ള കേവല സൗഹൃദമല്ല. അതിനപ്പുറം ഞങ്ങളെ നയിക്കുന്ന ചില ജീവിതാദർശങ്ങൾ, നൈതിക മൂല്യങ്ങൾ അവയുടെ വിനിമയത്തിനു വേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങൾ.
അതെല്ലാം അലിഞ്ഞു ചേർന്ന ബന്ധം . വിനോദ വിജ്ഞാന വിനിമയത്തിനായുള്ള മാജിക്ക് ഷോകളുടെ ലോകം മുതുകാട് എന്നെന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നു.
അതും US ലെ ഭീമൻ വിനോദ വ്യവസായ കേന്ദ്രത്തിന്റെ ഔപചാരിക ക്ഷണം വാതിലിൽ വന്നു മുട്ടുമ്പോൾ അതു വലിച്ചെറിഞ്ഞ് ഭിന്നശേഷിയുള്ള കുട്ടികളുടെ ഗ്രാന്റ് അങ്കിൾ ആയി പുതിയ അംഗവസ്ത്രത്തിൽ, കറയറ്റ പരസ്നേഹത്തിന്റെ മാജിക് സ്റ്റിക്കും കയ്യിലേന്തി.
നാളിതു വരെയുള്ള മുതുകാടിന്റെ കലാ പ്രവർത്തനത്തിൽ പലവട്ടം ഞാനും പങ്കു ചേർന്നിട്ടുണ്ട്. ഓരോ കൂടിക്കാഴ്ചയും അസാധാരണമായ ഊർജ്ജവും ആത്മവിശ്വാസവും ഇരുവരിലും പകർന്നു നിറച്ചിട്ടുണ്ട്. സ്റ്റോപ്പ് സാഡ്, മാർക്സ് ഫ്രം മാനിഫെസ്റ്റോ തുടങ്ങിയ ഉജ്ജ്വലമായ കലാവതരണങ്ങൾ അത്തരം സൗഹൃദ നിമിഷങ്ങളുടെ അനന്തര ഫലങ്ങളാണ്.
ജനുവരി 13 ന് മാജിക്കൽ പ്ലാനറ്റിൽ ഞാൻ നടത്തിയ സന്ദർശനം മുതുകാടിനൊപ്പമിരുന്ന് അവിടത്തെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവതരണങ്ങൾ കാണാൻ കൂടി വേണ്ടിയായിരുന്നു. എന്നെയും അദ്ദേഹത്തിന്റെ ആശയങ്ങൾ അഗാധമായി സ്വാധീനിക്കുന്നുണ്ട്.
സപ്തംബർ 15 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡി ററാറിയത്തിൽ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഞാൻ നടത്തിയ പ്രഭാഷണത്തിൽ ഭാഷ, വാമൊഴി , പുസ്തകം തുടങ്ങിയ വിഷയങ്ങളെ ബന്ധിപ്പിച്ച് സംസാരിച്ചപ്പോൾ ആൺകുട്ടികളിലെ Hyper activity, സംസാര വൈകല്യം, കാലതാമസം തുടങ്ങിയ കാര്യങ്ങൾ കൂടി ഊന്നിയതും ഈ സ്വാധീനത്താലാണ്. മാജിക് പ്ലാനറ്റിൽ ഇനിയും പലവട്ടം പോകും. മുതുകാടിന്റെ ഈ മനുഷ്യ സ്നേഹ യത്നത്തിൽ ആ കാവുന്ന പിന്തുണ നൽകും.
ഇന്ന് കണ്ണൂരിലെ ഗവ: ഗസ്റ്റ് ഹൗസിൽ അദ്ദേഹമെത്തിയത് ഞാനുമായുള്ള ആശയ വിനിമയത്തിനാണ്. ഒപ്പം ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ: കെ.വി. മനോജ് കുമാറും കമ്മീഷൻ അംഗം അഡ്വ. പി.പി.ശ്യാമളാ ദേവിയും.
ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ, നേരിടുന്ന അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, മയക്കുമരുന്നിന്റെയും ലഹരിയുടെയും വ്യാപനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വഴി കാട്ടുന്ന ഒരു ബോധന കലാ പരിപാടിക്ക് വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചിരുന്നത്. കോവിഡിന്റെ വ്യാപനം മൂലമാണ് അൽപ്പം വൈകിയത്. പക്ഷേ, നവംബർ മാസത്തിൽ കേരളമാകെ രക്ഷിതാക്കളെയും കുട്ടികളെയും ബന്ധിപ്പിച്ച് ഒരു വലിയ ബോധന കലാ ജാഥ അരങ്ങിലെത്തിക്കണമെന്നാണ് ഞങ്ങളുടെ മനസ്സിലുള്ളത്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ നേതൃത്വം നൽകുന്ന ഈ പരിപാടിക്ക് ഗോപിനാഥ് മുതുകാടും ഞാനും സർഗ്ഗാത്മക നേതൃത്വം നൽകും. ഒരു തലമുറയെ വന്നു മൂടുന്ന പല തരം ഇരുട്ടുകളിൽ നിന്ന് അവരെ വിമോചിപ്പിക്കുകയെന്നത് ഭാവിയോടും ഇനി വരുന്ന തലമുറകളോടുമുള്ള നമ്മുടെ കടപ്പാടാണ്. ആ വലിയ ലക്ഷ്യത്തിനു വേണ്ടി മുതുകാട് ഒരിക്കൽ കൂടി ഒരേ സമയം നാടകക്കാരനും മജിഷ്യനുമായി അരങ്ങിലെത്തുമ്പോൾ അണിയറക്കാരനായി ഞാനും ഉണ്ടാകും. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
നിങ്ങളുടെ കരിവെള്ളൂർ മുരളി.