ചില സ്‌കൂളുകളിൽ പിടിഎ ഭാരവാഹികൾ പ്രധാനാധ്യാപകരെ നിയന്ത്രിക്കുന്നതായും ചിലയിടങ്ങളിൽ പ്രധാനാധ്യാപകർ പിടിഎ,- എസ്‌എംസി കമ്മിറ്റികളെ അവഗണിക്കുന്നതായുമുള്ളപരാതിയെത്തുടർന്നാണ്‌ നടപടി

April 24, 2022 - By School Pathram Academy

തിരുവനന്തപുരം

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനവും നടത്തിപ്പും ഏകരൂപത്തിലേക്ക്‌. വേർതിരിവുകൾ ഇല്ലാത്ത അക്കാദമിക പ്രവർത്തനം ഉറപ്പാക്കാൻ പ്രവർത്തന മാന്വൽ തയ്യാറാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചില സ്‌കൂളുകളിൽ പിടിഎ ഭാരവാഹികൾ പ്രധാനാധ്യാപകരെ നിയന്ത്രിക്കുന്നതായും ചിലയിടങ്ങളിൽ പ്രധാനാധ്യാപകർ പിടിഎ,- എസ്‌എംസി കമ്മിറ്റികളെ അവഗണിക്കുന്നതായുമുള്ള പരാതിയെത്തുടർന്നാണ്‌ നടപടി.

കരട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കും. പൊതുനിർദേശങ്ങളും പരിഗണിച്ചാകും അന്തിമ മാന്വൽ. സ്കൂൾ എന്ത്‌, എങ്ങനെയാകണം, വേണ്ട ഘടകങ്ങൾ, അവ വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെ, അവയുടെ പ്രവർത്തനം എന്നിവ കൈപ്പുസ്തകത്തിൽ വിവരിക്കും.

ജൂൺ ഒന്നിന്‌ തുറക്കും

വിദ്യാലയങ്ങൾ ജൂൺ ഒന്നിന്‌ തുറക്കും. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്‌കൂൾതല പ്രവേശനോത്സവങ്ങളുണ്ടാകും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത്‌. അടുത്ത അധ്യയനവർഷത്തേക്കുള്ള ആദ്യ വോള്യ പാഠപുസ്‌തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം 28ന്‌ രാവിലെ 10ന്‌ തിരുവനന്തപുരം കരമന ഹയർസെക്കൻഡറി സ്കൂളിൽ. 2,84,22,066 പുസ്തകമാണ് തയ്യാറാക്കിയത്‌. ഇവ സ്‌കൂളുകളിൽ എത്തിക്കാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായവും ഉറപ്പാക്കി.

പ്ലസ്‌ ടു ഫലം ജൂൺ പകുതിയോടെ

രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ 26ന്‌ പൂർത്തിയാകും. 28 മുതൽ 80 കേന്ദ്രത്തിൽ മൂല്യനിർണയ ക്യാമ്പുകൾ. മേയിൽ പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാൽ രണ്ടു ഘട്ടമായാണ്‌ മൂല്യനിർണയം. ഫലം ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും. പ്ലസ്‌ വൺ മോഡൽ പരീക്ഷ ജൂൺ രണ്ടുമുതൽ ഏഴുവരെയും പൊതുപരീക്ഷ ജൂൺ 13മുതൽ 30വരെയും നടത്തും. രണ്ടാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന്‌ ആരംഭിക്കും. പരിഷ്‌കരിച്ച ഹയർസെക്കൻഡറി പരീക്ഷാ മാന്വലിന്റെ മാതൃകയിൽ എസ്‌എസ്‌എൽസി പരീക്ഷാ മാന്വൽ തയ്യാറാക്കാൻ നടപടി പുരോഗമിക്കുന്നു. ഇനി സിലബസ്‌ വെട്ടിച്ചുരുക്കുകയോ ഫോക്കസ്‌ ഏരിയ ഉണ്ടാകുകയോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂല്യനിർണയം: എണ്ണം കുറച്ചു

ഒരുദിവസം മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ വരുത്തിയ നാമമാത്ര വർധന കുറയ്‌ക്കുന്നതായി മന്ത്രിപറഞ്ഞു. ബോട്ടണി, സുവോളജി, മ്യൂസിക് വിഷയങ്ങൾക്ക്‌ ഉച്ചയ്ക്കുമുമ്പ് 25, ശേഷം 25 എന്നിങ്ങനെ ദിവസം 50 ഉത്തരക്കടലാസ്‌ നോക്കേണ്ടിയിരുന്നത്‌ 22 വീതമാക്കി. ആകെ 44 ഉത്തരക്കടലാസ്‌ നോക്കിയാൽ മതി. മറ്റ്‌ വിഷയങ്ങൾക്ക് ഉച്ചയ്ക്കുമുമ്പ് 17, ശേഷം 17 എന്നിങ്ങനെ ദിവസം 34 പേപ്പർ നോക്കേണ്ടിയിരുന്നത്‌ ഉച്ചയ്ക്കുമുമ്പും ശേഷവും 15 വീതം എന്നാക്കി. ആകെ 30.

Category: News