ചോദ്യപേപ്പര്‍ വാട്‌സാപ്പില്‍; അധ്യാപക യോഗ്യത പരീക്ഷ റദ്ദാക്കി, കണ്ണീരോടെ ഉദ്യോഗാര്‍ഥികള്‍
ചോദ്യപേപ്പര്‍ വാട്‌സാപ്പില്‍; അധ്യാപക യോഗ്യത പരീക്ഷ റദ്ദാക്കി, കണ്ണീരോടെ ഉദ്യോഗാര്‍ഥികള്‍
ലഖ്നൗ: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഉത്തർപ്രദേശിലെ അധ്യാപക യോഗ്യതാ പരീക്ഷ(ഉത്തർപ്രദേശ് ടീച്ചർ എബിലിറ്റി ടെസ്റ്റ്-UPTET) റദ്ദാക്കി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. അതിനിടെ, ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
സർക്കാർ സ്കൂളുകളിലെ പ്രൈമറി, അപ്പർപ്രൈമറി വിഭാഗങ്ങളിൽ അധ്യാപക ജോലി ലഭിക്കണമെങ്കിൽ UPTET പരീക്ഷ പാസാകണം. നവംബർ 28 ഞായറാഴ്ചയായിരുന്നു പരീക്ഷാ തീയതി. ലക്ഷക്കണക്കിന് പേരാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതോടെ പരീക്ഷ റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു. അടുത്ത മാസം പരീക്ഷ നടത്തുമെന്നും വിവരമുണ്ട്.
ചോദ്യപേപ്പർ ചോർന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദിയും വ്യക്തമാക്കി. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നും സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് അവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ യോഗി സർക്കാരിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്തെത്തി. സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു. പരീക്ഷാകേന്ദ്രങ്ങളിലെത്തി കണ്ണീരോടെ മടങ്ങുന്ന ഉദ്യോഗാർഥികളുടെ ദൃശ്യങ്ങളും പ്രിയങ്കാഗാന്ധി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതോടെ ഉദ്യോഗാർഥികളും ആശങ്കയിലാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായി നടക്കുമോ എന്നതാണ് ഉദ്യോഗാർഥികളുടെ ചോദ്യം. ‘ഈയടുത്താണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇപ്പോൾ അത് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നാണ് അവർ പറയുന്നത്. പക്ഷേ, എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കറിയില്ല- ബുലന്ദ്ശഹറിൽനിന്നുള്ള ഉദ്യോഗാർഥി പ്രതികരിച്ചു.