ജലഗുണനിലവാര പരിശോധന ലാബ് – അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നടത്തി

October 13, 2022 - By School Pathram Academy

വിദ്യാലയങ്ങളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകളിൽ നടത്തുന്നതിന് പരിശീലനം ആരംഭിച്ചു. ജലപരിശോധന സൗകര്യങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നാണ് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിച്ചത്.

ഹരിതകേരളം മിഷനും ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പും ചേർന്ന് എംഎൽഎമാരുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് ലാബുകൾ സ്ഥാപിച്ചത്. ജില്ലയിൽ പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലായി 29 സ്കൂളുകളിൽ പരിശോധന ലാബ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഈ സ്കൂളുകളിലെ രണ്ട് കെമിസ്ട്രി അധ്യാപകർ, അഞ്ച് വീതം വിദ്യാർത്ഥികൾ എന്നിവർക്കാണ് പരിശീലനം.

ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെട്ട 12 സ്കൂളുകൾക്ക് ബുധനാഴ്ച പരിശീലനം നൽകി.

തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപിക കരോലിൻ ജോസഫ് ക്ലാസുകൾ നയിച്ചു. ഹരിതകേരളം സംസ്ഥാന മിഷൻ ടെക്നിക്കൽ ഓഫീസർ സതീഷ് ആർ.വി, നവകേരളം കർമ്മ പദ്ധതി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പ്രകാശ് പി, റിസോഴ്സ് പേഴ്സൺമാരായ ജസ്ലിൻ, രുദ്രപ്രിയ, കൃഷ്ണപ്രിയ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ട്യൂട്ടോറിയൽ വീഡിയോ ഉപയോഗിച്ചും നേരിട്ട് ക്ലാസ് നൽകിയും, പ്രാക്ടിക്കൽ പരിശീലനം, സംശയ നിവാരണ സെഷൻ എന്നിവയും ഉൾപ്പെടുത്തിയാണ് പരിശീലനം നൽകിയത്. ജലസാമ്പിൾ പരിശോധന നടത്തി ഹരിത ദൃഷ്ടി സോഫ്റ്റ്‌ വെയറിൻ്റെ സഹായത്തോടെ പരിശോധന ഫലവും ശുപാർശകളും ലഭ്യമാക്കാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളെ പങ്കാളികളാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Category: News