ജില്ലാ കളക്ടറും വിദ്യാര്‍ത്ഥികളും രാജസ്ഥാന്‍ സ്വദേശികള്‍… പക്ഷേ അവര്‍ സംസാരിച്ചതും വായിച്ചതും മലയാളത്തില്‍

March 19, 2022 - By School Pathram Academy

അടുത്ത വര്‍ഷം പദ്ധതി കൂടുതല്‍ മികവോടെ നടപ്പാക്കും: കളക്ടര്‍

ജില്ലാ കളക്ടറും വിദ്യാര്‍ത്ഥികളും രാജസ്ഥാന്‍ സ്വദേശികള്‍… പക്ഷേ അവര്‍ സംസാരിച്ചതും വായിച്ചതും മലയാളത്തില്‍. ജില്ലയിലെ റോഷ്‌നി പഠിതാക്കളുടെ വിശേഷങ്ങള്‍ അറിയാനെത്തിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനു മുന്നിലാണ് രാജസ്ഥാനി കുട്ടികള്‍ മലയാളത്തില്‍ എഴുതിയും വായിച്ചും വിസ്മയം തീര്‍ത്തത്.

എം.എ.എച്ച്.എസ് കാക്കനാട്  തൃക്കണാര്‍വട്ടം എസ്.എന്‍.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. രാജസ്ഥാന്‍ സ്വദേശികളായ 90 വിദ്യാര്‍ത്ഥികളാണ് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഇവിടെ പഠിക്കുന്നത്. മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ കളക്ടര്‍ക്ക് മലയാളത്തില്‍ തന്നെ വിദ്യാര്‍ത്ഥികളും മറുപടി നല്‍കി. മലയാള പാഠ പുസ്തകങ്ങളും കളക്ടര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിച്ചു. ഇടയ്ക്ക് ഹിന്ദിയിലും കുട്ടികളുമായി സംസാരിച്ച അദ്ദേഹം അടുത്ത വര്‍ഷം കൂടുതല്‍ മികവോടെ റോഷ്‌നി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പറഞ്ഞു. തുടര്‍ന്ന് കാക്കനാട് എം.എ.എച്ച്.എസിലെ വിദ്യാര്‍ത്ഥികളെയും കളക്ടര്‍ സന്ദര്‍ശിച്ചു. 70 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കൂടുതലും.

അതിഥി വിദ്യാര്‍ഥികള്‍ക്ക് മലയാളഭാഷയിലൂടെ അധ്യയനം നടത്തുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയാണ് റോഷ്‌നി. ജില്ലയില്‍ 1200 വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നിരവധി ഓണ്‍ലൈന്‍ പഠിതാക്കളും റോഷ്‌നിയിലുണ്ട്.

ബിപിസിഎല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എലിസബത്ത് ഡേവിസ്, റോഷ്‌നി ജനറല്‍ കോ ഓഡിനേറ്റര്‍ സി.കെ പ്രകാശ്, റോഷ്‌നി അക്കാദമിക് കോര്‍ഡിനേറ്റര്‍ ജയശ്രി കുളക്കുന്നത്ത് എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു

Category: News