ജെ.ഇ.ഇ മെയിൻ കഴിഞ്ഞു ഇനി അഡ്വാൻസ്ഡ്.മെയിൻ, അഡ്വാൻസ്ഡ് വ്യത്യാസം എന്താണ്? എന്തിനാണ് രണ്ട് ഘട്ടങ്ങളായി നടത്തുന്നത് ?

May 01, 2024 - By School Pathram Academy

രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ എൻജിനീയറിങ് സീറ്റിനുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എൻട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍ ഫലം വന്നു. കട

ജെ.ഇ.ഇ മെയിൻ കഴിഞ്ഞു ഇനി അഡ്വാൻസ്ഡ്

രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ എൻജിനീയറിങ് സീറ്റിനുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എൻട്രന്‍സ് എക്സാമിനേഷന്‍) മെയിന്‍ ഫലം വന്നു. കട്ട് ഓഫ്‌ മാര്‍ക്ക് വിവരങ്ങളും ദേശീയ പരീക്ഷ ഏജൻസി (എന്‍.ടി.എ) പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളായി നടക്കുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. അതില്‍ ആദ്യത്തേത് ജെ.ഇ.ഇ മെയിന്‍സ്. രണ്ടാമത്തേത് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. ജെ.ഇ.ഇ മെയിന്‍സ് രണ്ട് സെഷനുകളിലായി നടന്ന പരീക്ഷയാണ്. ജനുവരിയിലും ഏപ്രിലിലും. ഈ രണ്ട് സെഷനുകളുടെ ഫലമാണ് വന്നത്. രണ്ടാമത്തെ ഘട്ടമായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് മേയ് 26ന് നടക്കും.

മെയിൻ, അഡ്വാൻസ്ഡ് വ്യത്യാസം എന്താണ്? എന്തിനാണ് രണ്ട് ഘട്ടങ്ങളായി നടത്തുന്നത്?

ആദ്യത്തെ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് എന്‍.ഐ.ടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), പഞ്ചാബ്‌ എൻജിനീയറിങ് കോളജ്, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുതലായ ദേശീയ-സംസ്ഥാന തല സ്ഥാപനങ്ങളില്‍ എൻജിനീയറിങ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കും.

ജെ.ഇ.ഇ മെയിനില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ആദ്യത്തെ രണ്ടരലക്ഷത്തിനടുത്തുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാം. ഈ പരീക്ഷയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ.ഐ.എസ്.ടി പോലുള്ള ഒന്നാംകിട സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം.

എന്താണ് കട്ട് ഓഫ്‌ മാര്‍ക്ക്? അതെങ്ങനെയാണ് തീരുമാനിക്കുന്നത്?

ജെ.ഇ.ഇ മെയിന്‍സിലെ ഏറ്റവും മികച്ച രണ്ടരലക്ഷം പേരെ തിരഞ്ഞെടുക്കുന്നതിന് ഒരു രീതിയുണ്ട്. സംവരണ തത്ത്വം അനുസരിച്ച് രണ്ടര ലക്ഷത്തില്‍ 40.5 ശതമാനം ഓപണ്‍ ക്വോട്ടക്കാരായിരിക്കണം, അതായത് 1,01,250 പേർ. ഇതിൽ 5063 പേര്‍ സംവരണ തത്ത്വം അനുസരിച്ച് ഭിന്നശേഷിക്കാരായിരിക്കും.

അത് കുറച്ചുകഴിഞ്ഞാല്‍ കിട്ടുന്ന 96,187. ഏറ്റവും അവസാനത്തെ (96187 റാങ്ക്) വിദ്യാര്‍ഥിയുടെ പേർസൈന്റൽ സ്കോര്‍ ആണ് ഓപണ്‍ ക്വോട്ട കട്ട് ഓഫ്‌. അത് ഈ വര്‍ഷം 93.2362181. ഓപണ്‍ ക്വോട്ടയിലെ ആദ്യത്തെ 96,187 വിദ്യാർഥികളില്‍ എല്ലാവിഭാഗക്കാരും ഉള്‍പ്പെടും.

ഓപണ്‍ ക്വോട്ടയിലെ ആദ്യത്തെ 96,187 വിദ്യാര്‍ഥികള്‍ക്ക് ശേഷം വരുന്ന 5063 ഭിന്നശേഷിക്കാരെ മാത്രം തിരഞ്ഞെടുക്കുന്നു. പക്ഷേ, ഈ വര്‍ഷം അപേക്ഷിച്ച ഭിന്നശേഷിക്കാരുടെ എണ്ണത്തില്‍ നിന്ന് 3973 പേരെ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നതിനാല്‍ ബാക്കി വരുന്ന എണ്ണം വിദ്യാര്‍ഥികളെ ഓപണ്‍ ക്വോട്ടയില്‍നിന്നുതന്നെ തിരഞ്ഞെടുത്തു. കട്ട് ഓഫ്‌ മാര്‍ക്കില്‍ തുല്യത വന്ന വിദ്യാര്‍ഥികളെ കൂടി കൂട്ടി ചേര്‍ത്തപ്പോള്‍ ഓപണ്‍ ക്വോട്ടയില്‍ ഇത് മൊത്തം 1,01,324 ആയി.

ഒ.ബി.സി വിദ്യാര്‍ഥികളില്‍നിന്ന് വേണ്ടത് മൊത്തം രണ്ടര ലക്ഷത്തില്‍ നിന്ന് 67,500 പേരെയാണ്. ഇത് 96,187 ഓപണ്‍ ക്വോട്ട വിദ്യാര്‍ഥികള്‍ക്ക് ശേഷമുള്ള ഒ.ബി.സിക്കാര്‍ മാത്രമായ 67,500 പേര്‍ ആണ്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അവസാന ഒ.ബി.സി വിദ്യാര്‍ഥിയുടെ പേർസൈന്റൽ സ്കോര്‍ 79.6757881 ആയിരുന്നു. അത് ഒ.ബി.സി കട്ട് ഓഫ്‌ ആയി പരിഗണിക്കുന്നു. അതില്‍ മാര്‍ക്ക് തുല്യമായി വന്ന വിദ്യാര്‍ഥികളെ കൂടി ചേര്‍ത്ത് തിരഞ്ഞെടുത്തത് 67,570 വിദ്യാര്‍ഥികളെയാണ്.

അങ്ങനെ ഓരോ വിഭാഗത്തില്‍ നിന്നും ഇതേ ക്രമത്തില്‍ തന്നെ തിരഞ്ഞെടുത്ത മൊത്തം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം 2,50,284 ആണ്. കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ്‌ മാര്‍ക്കില്‍നിന്ന് ഈ വര്‍ഷത്തെ കട്ട് ഓഫ്‌ മാര്‍ക്കിനു വ്യത്യാസം വരാന്‍ കാരണം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേർ ഈ വര്‍ഷം പരീക്ഷ എഴുതി എന്നതാണ്. രണ്ട് സെഷനുകളിലായി 14.15 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഇത് 11.13 ലക്ഷമായിരുന്നു.

അഡ്വാന്‍സ്ഡ് എഴുതാത്തവര്‍, അതില്‍ യോഗ്യത നേടാത്തവരുടെ പ്രവേശനം എങ്ങനെയാണ്?

അവര്‍ക്ക് അഡ്വാന്‍സ്ഡ് നേടിയാലും ഇല്ലെങ്കിലും ജോസ (ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി) നടത്തുന്ന സീറ്റ് അലോട്ട്മെന്റ് നടപടി ക്രമങ്ങളില്‍ പങ്കെടുക്കാം. ഇവര്‍ക്ക് എന്‍.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍ എന്നിവ അടങ്ങുന്ന മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കാവുന്നതാണ്.

സാധാരണ നിലക്ക് 50,000 മുതൽ 60,000 വരെ മെയിന്‍ റാങ്കില്‍ വരുന്ന ഓപണ്‍ ക്വോട്ടക്കാര്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ നല്ല ബ്രാഞ്ചില്‍ പ്രവേശനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഒ.ബി.സി റാങ്കില്‍ 12000 – 14000 റാങ്കില്‍ വരുന്നവര്‍ക്ക് നല്ല എന്‍.ഐ. ടികളില്‍ കിട്ടും.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ കട്ട്ഓഫ്‌ ഓപണ്‍ മെറിറ്റില്‍ സാധാരണ ഓരോ വിഷയത്തിനും പത്ത് ശതമാനവും രണ്ട് പേപ്പറും കൂടി 35 ശതമാനവും ആണ്.

ഒ.ബി.സിക്ക് ഇത് യഥാക്രമം ഒമ്പതും 31.5 ഉം ആണ്. മേയ് 26ന് ആണ് അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. ജൂണ്‍ പത്തിന് ഫലം പ്രഖ്യാപിക്കുകയും ജോസ അലോട്ട്മെന്റ് മേയ്‌ പത്തിന് ആരംഭിക്കുകയും ചെയ്യും.

Kdpd

Category: News