ജൈവ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംവിധാനങ്ങളാണ് നെയ്യാറ്റിൻകര JBS ൽ ഒരുക്കിയിട്ടുള്ളത്
സിൽവിയ ആസ്റ്റൺ വാർണർ എഴുതിയ ടീച്ചർ എന്ന പുസ്തകത്തിൽ ജൈവ വായനയെ കുറിച്ച് പറയുന്നുണ്ട്. കുട്ടികൾക്ക് സ്വന്തം ആവശ്യങ്ങൾക്ക് അനുസരിച്ച് വായിക്കാനുള്ള അവസരങ്ങൾ ക്ലാസ് മുറികളിലും വീട്ടിലും ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
വായനയോട് അവർക്ക് താല്പര്യം ഉണ്ടാവാൻ ,സ്വതന്ത്ര വായനക്കാരായി മാറാൻ എന്തൊക്കെ സൗകര്യങ്ങളാണ് വീട്ടിലും വിദ്യാലയത്തിലും ഒരുക്കിയിട്ടുള്ളത് ? ടീച്ചർ തെരെഞ്ഞെടുത്ത് നൽകുന്ന പുസ്തകങ്ങളും വായന കാർഡുകളും പാഠ പുസ്തകങ്ങളും മാത്രം വായിച്ചാൽ മതി എന്ന് നിഷ്കർഷിക്കേണ്ടതുണ്ടോ ? ഇതെല്ലാം കുട്ടികളുടെ വായനയെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്.
ജൈവ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംവിധാനങ്ങളാണ് നെയ്യാറ്റിൻകര JBS ൽ ഒരുക്കിയിട്ടുള്ളത്. നിറയെ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും …. കൂട്ടുകാരുടെ സ്വതന്ത്ര വായന ഉറപ്പാക്കുന്നതിന് ഓരോ ഫ്ലോറിലും പുസ്തക വണ്ടികൾ. കുട്ടികളുടെ കളിയിടങ്ങളിലും പാർക്കിലും പുസ്തക വായനയ്ക്ക് പറ്റുന്ന തുറന്ന ലൈബ്രറികൾ . ഇഷ്ടമുള്ള പുസ്തകം തെരെഞ്ഞെടുത്ത് വാങ്ങി വായിക്കാനും ജന്മദിനത്തിനും മറ്റും വിദ്യാലയത്തിന് സമ്മാനിക്കാനും ” വിളക്കുമാടം എന്ന പേരിൽ പുസ്തക വില്പനശാല . വായന പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടുകാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും വായനാനുഭവങ്ങൾ അവതരിപ്പിക്കാനും പ്രത്യേകം സംവിധാനങ്ങൾ …
ഒന്നാം ക്ലാസിലെ കൂട്ടുകാരി ഹദിയ സന മികച്ച വായനക്കാരിൽ ഒരാളാണ് … ” എന്തു കിട്ടിയാലും അവൾ വായിക്കും” സ്വന്തമായി എഴുതുന്നത് മറ്റുള്ളവരെ വായിച്ച് കേൾപ്പിക്കുന്നതാണ് അവർക്ക് ഏറെയിഷ്ടം. എഴുതുകയും വായിക്കുകയും ചെയ്യുന്നതിൽ മാത്രമല്ല , ചിത്രം വരയിലും അവൾ മുന്നിൽ തന്നെ… സ്വതന്ത്രവായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നാം ക്ലാസ്സിലെ അധ്യാപകരായ ശ്രീമതി സുഗീത് ടീച്ചർ ,ശ്രീമതി മിനി ടീച്ചർ ,ശ്രീമതി ശ്യാമ ടീച്ചർ എന്നിവർ കൂട്ടായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കൂട്ടുകാർക്ക് വേണ്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. അതിന്റെ മികവുകൾ ഈ കൂട്ടുകാരിൽ ദൃശ്യമാണ്.
Prem Jith Rtd.Headmaster ,JB SCHOOL