ടീച്ചിംഗ് മാന്വലിന്റെ പ്രസക്തി

June 14, 2023 - By School Pathram Academy

സ്വാതന്ത്ര്യത്തോടെ .. നിറഞ്ഞ സന്തോഷത്തോടെ … പഠനാനുഭവങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് മാത്രമേ പാറിപ്പറക്കുന്ന പൂമ്പാറ്റകളായി മാറാൻ കഴിയൂ…

    ക്ലാസ് മുറിയിലെ പഠനം സ്വാഭാവികമാവണം, കുട്ടിയുടെ പ്രകൃതത്തെ അംഗീകരിച്ചു കൊണ്ടാവണം, അവരുടെ അവകാശങ്ങളെ മാനിച്ചു കൊണ്ടാവണം …. അധ്യാപക പരിശീലന കാലത്ത് നിരന്തരം ചർച്ച ചെയ്യുന്ന കാര്യങ്ങളാണ് ഇവയൊക്കെ… കുട്ടിയ്ക്ക് ഇത് അനുഭവങ്ങളിലൂടെ അനുഭവവേദ്യമാകണമെങ്കിൽ അധ്യാപകർ തന്നെ മനസ്സു വയ്ക്കണം. നിരന്തരമായ ചിന്തയും ആസൂത്രണവും അധ്യാപന അറിവുകളെ കുറിച്ചുള്ള അന്വേഷണവും ഇതിന് വേണ്ടി വരും. അവിടെയാണ് ടീച്ചിംഗ് മാന്വലിന്റെ പ്രസക്തി.

    ആഡിറ്റിന് വേണ്ടി ഒരുക്കുന്ന ഒരു രജിസ്റ്ററാണ് ടീച്ചിംഗ് മാന്വൽ രജിസ്റ്റർ… അതിൽ ഓരോ ആഴ്ചയും പ്രഥമാധ്യാപകന് മുന്നിൽ TM വച്ചു കഴിഞ്ഞാൽ അതിൽ ഒപ്പിടാം… ഈ കോളങ്ങളിൽ ഒപ്പിടാനുള്ള ഒരു വഴിപാട് പരിപാടിയായി മാറരുത് അധ്യാപികയുടെ വ്യക്തിഗതമായ ആസൂത്രണവും രേഖപ്പെടുത്തലും…

   സ്വതന്ത്രവും ജനായത്തപരവുമായ ക്ലാസ് അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള ഒരു തിരക്കഥ സൃഷ്ടിക്കുകയാണ് ശരിക്കും ആസൂത്രണ രേഖ തയ്യാറാക്കുന്നതിലൂടെ ടീച്ചർ ചെയ്യുന്നത്. കുട്ടികളും രക്ഷിതാക്കളും വിദ്യാലയത്തിലെ മറ്റ് അംഗങ്ങളും ഈ തിരക്കഥയിലെ കഥാപാത്രങ്ങളാണ്. മുഖ്യ റോൾ എപ്പോഴും ക്ലാസ് അധ്യാപികയ്ക്ക് തന്നെയാകും. കുട്ടികൾക്ക് വ്യക്തിഗതമായ പരിമിതികൾ സ്വയം തിരിച്ചറിയുന്നതിനും അവർ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ സ്വയം മെച്ചപ്പെടുന്നതിനുമുള്ള പഠന തന്ത്രങ്ങൾ രൂപീകരിക്കപ്പെടുന്നത് ആസൂത്രണ ഘട്ടത്തിലാണ്. ഏകാഗ്രതയും ജാഗ്രതയും ഗവേഷണവും വേണ്ട ഒരു ഘട്ടമാണിത്. ഓരോ കുട്ടിയുടെയും സ്വഭാവ സവിശേഷതകൾ , പഠന പ്രശ്നങ്ങൾ , പഠന പശ്ചാത്തലം മറ്റ് പരിമിതികൾ ഇവയെല്ലാം ക്ലാസ് റൂം ആസൂത്രണത്തിന്റെ ഭാഗമായി പരിഗണിക്കണം. ശരിക്കും കുട്ടികളോട് ഉന്നയിക്കേണ്ട പഠന പ്രശ്നങ്ങൾ , ചിന്തോദ്ദീപ ചോദ്യങ്ങൾ എന്നിവയൊക്കെ ആസൂത്രണ ഘട്ടത്തിൽ സൂക്ഷ്മമായി അധ്യാപികയുടെ മനസ്സിൽ ഉണ്ടാവണം. അവയൊക്കെ പ്രക്രിയാ രൂപത്തിൽ രേഖപ്പെടുത്തുകയും വേണം.  

    നിറഞ്ഞ സന്തോഷത്തോടെ , ഏകാഗ്രതയോടെ , തനിക്ക് വേണ്ടിയാണ് എന്ന തോന്നലോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കൂട്ടുകാർ … അത്തരം കൂട്ടുകാർ ഒരു ക്ലാസ് മുറിയിൽ അറിവ് നിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്ന കാഴ്ച ഒരു അധ്യാപികയ്ക്ക് നൽകുന്ന ആത്മവിശ്വാസവും സംതൃപ്തിയും അനുഭവിച്ച് തന്നെയറിയണം. അതിന് കഴിയണമെങ്കിൽ അധ്യാപികയുടെ സമഗ്രമായ ക്ലാസ് തല ആസൂത്രണം നടക്കുക തന്നെ വേണം…

    പാഠ്യപദ്ധതി മുന്നോട്ടു വയ്ക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷ്യങ്ങളുണ്ട്… ആ ലക്ഷ്യത്തിലേയ്ക്ക് കുട്ടികളെ എത്തിക്കാൻ അധ്യാപികയ്ക്ക് സ്വന്തമായ വഴികൾ തീർച്ചയായും ഉണ്ടാവണം. ഓരോ കുട്ടിയുടെയും പ്രകൃതത്തെ പരിഗണിച്ചു കൊണ്ട് ഈ ലക്ഷ്യത്തിലേയ്ക്ക് എത്തിക്കാനുള്ള പഠന തന്ത്രങ്ങളെ കുറിച്ചുള്ള ചിന്തകളാണ് എപ്പോഴും അധ്യാപികയുടെ മനസ്സിൽ നിറഞ്ഞു നിൽക്കേണ്ടത്… അത്തരത്തിലുള്ള അധ്യാപികയുടെ മുന്നിലുള്ള കൂട്ടുകാർ തീർച്ചയായും നിറയെ സ്വപ്നങ്ങളുള്ള പൂമ്പാറ്റകൾ തന്നെയായിരിക്കും തീർച്ച….

Prem Jith