ടൈപ്പ്-2 പ്രമേഹ നിയന്ത്രണത്തിന് കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ടൈപ്പ്-2 പ്രമേഹ നിയന്ത്രണത്തിന് കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍
അലസമായ ജീവിതശൈലിക്കൊപ്പം മോശം ആഹാരക്രമവും ചേരുമ്പോൾ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നു.
വറുത്തതും പൊരിച്ചതുമായ ഭക്ഷണവിഭവങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് ഉയര്‍ന്ന തോതിലുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര അധികം ചേര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ നമ്മുടെ നാവിനെ രസിപ്പിക്കുമെങ്കിലും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിച്ച് ടൈപ്പ്-2 പ്രമേഹത്തിലേക്ക് ഇവ നയിക്കാനുള്ള സാധ്യത കൂടുതലാണ്.
ഫൈബറും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അധികമുള്ള ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുക വഴി പ്രമേഹത്തെ മാത്രമല്ല അമിതവണ്ണത്തെയും മറ്റ് ജീവിതശൈലി രോഗങ്ങളെയും തടുത്ത് നിര്‍ത്താനാകും.
വൈറ്റമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയതാണ് ഹോള്‍ ഗ്രെയിനുകള്‍. കോംപ്ലക്സ് കാര്‍ബ് അടങ്ങിയ ഇവ ദഹിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനമുണ്ടാക്കില്ല.ബ്ലാക്ക് വീറ്റ്, ബാര്‍ലി, ഓട്സ്, ക്വിനോവ, റാഗി എന്നിവ ഹോള്‍ ഗ്രെയിനുകള്‍ക്ക് ഉദാഹരണങ്ങളാണ്.
പച്ചിലകള്‍
ചീര, ലെറ്റൂസ്, മുള്ളന്‍ ചീര തുടങ്ങിയ പച്ചിലകള്‍ കാര്‍ബോഹൈഡ്രേറ്റും കാലറിയും കുറഞ്ഞതും വൈറ്റമിന്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ ഉയര്‍ന്ന തോതിലുള്ളവയുമാണ്. സാലഡുകളും സൂപ്പുകളുമായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
നട്സ്
ആരോഗ്യകരമായ കൊഴുപ്പിന്‍റെ സ്രോതസ്സാണ് നട്സ്. ബദാം, വാള്‍നട്ട് തുടങ്ങിയ നട്സുകളില്‍ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇടയ്ക്ക് ഉണ്ടാകുന്ന വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നട്സ് ഉപയോഗം വഴി സാധിക്കും.
മീന്‍, ചിക്കന്‍, മുട്ട
പ്രോട്ടീനും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഈ ഭക്ഷണ വിഭവങ്ങള്‍. കൂടുതല്‍ കാലറി ഒഴിവാക്കാന്‍ ഇവ ബേക്ക് ചെയ്യുകയോ ഗ്രില്‍ ചെയ്യുകയോ ചെയ്യാം. വയര്‍ നിറഞ്ഞ പ്രതീതി ദീര്‍ഘനേരത്തേക്ക് ഉണ്ടാക്കി വിശപ്പിനെ തടുത്ത് നിര്‍ത്താന്‍ ഈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ സഹായിക്കും.
യോഗര്‍ട്ടും കോട്ടേജ് ചീസും
പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയതാണ് യോഗര്‍ട്ടും കോട്ടേജ് ചീസും. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മിന്‍റ് ബട്ടര്‍മില്‍ക്ക്, ബെറി പഴങ്ങള്‍ ചേര്‍ന്ന കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട് എന്നിവ സ്നാക്സായി ഇടയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ബെറിപഴങ്ങള്‍
പ്രമേഹബാധിതര്‍ക്ക് കഴിക്കാവുന്ന സൂപ്പര്‍ ഫുഡുകളാണ് ബെറി പഴങ്ങള്‍. ഇവയില്‍ വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്നു. ആപ്പിള്‍, ബെറി, പെയര്‍ തുടങ്ങിയ പഴങ്ങള്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ്. പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവ സഹായിക്കും.