ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് KER വ്യവസ്ഥകൾ അനുസരിച്ച് . ഒരു അധ്യാപകനെ സർവ്വീസിൽ നിന്നും പുറത്താക്കുന്ന നടപടിക്രമങ്ങൾ അറിയാൻ

August 05, 2023 - By School Pathram Academy

തിരുവനന്തപുരം

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്ന സന്ദീപിനെതിരെ നടപടി സ്വീകരിച്ചത്. ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണ്. സന്ദീപിന്റെ യാതൊരു ന്യായീകരണവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കാരണം കാണിക്കൽ നോട്ടീൽ സന്ദീപ് നൽകിയ മറുപടി തൃപ്‌തികരമല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

“കൊല്ലം ജില്ലയിലെ എയിഡഡ് സ്‌കൂളായ യുപിഎസ് വിലങ്ങറയിൽ നിന്നും തസ്തിക നഷ്ടപ്പെട്ട് നിലവിൽ സംരക്ഷണ ആനുകൂല്യത്തിൽ എയിഡഡ് സ്‌കൂളായ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർ വിന്യസിച്ച സംരക്ഷിത അധ്യാപകനായ ജി സന്ദീപിന്റെ പെരുമാറ്റവും നടപടികളും ഒരു മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധവും അധ്യാപക സമൂഹത്തിന് ആകെ തന്നെ അവമതിപ്പുണ്ടാക്കുന്നതുമാണ്. കേരള വിദ്യാഭ്യാസ നിയമം അധ്യായം 13, 14 ബി, 14 സി ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാതൃകാ അധ്യാപകന്റെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ജി സന്ദീപ് പ്രവർത്തിച്ചു എന്നതിനാലും കേരള വിദ്യാഭ്യാസ ആക്ട് 12 എ യിലെ സമമായുള്ള അധികാരം ഉപയോഗിച്ച് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ ജി സന്ദീപിനെ സേവനത്തിൽ നിന്നും ഉടൻ പ്രാബല്യത്തിൽ 2023 മെയ് 10ന് ജോലിയിൽ നിന്ന് വിലക്കിയിരുന്നു.

ഇയാൾക്ക് എതിരെ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ക്രൈം 1202/23 നമ്പർ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി കൊല്ലം റൂറൽ കൊട്ടാരക്കര ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സന്ദീപിനെതിരെ കെ ഇ ആർ അധ്യായം 14 എ ചട്ടം 75 പ്രകാരമുള്ള വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് അഡ്ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. കേരള വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 75 ന് കീഴിൽ നിർദ്ദേശിക്കുന്ന പ്രകാരം കാരണം ഏതെങ്കിലും ഉണ്ടെങ്കിൽ ആയത് ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ജി സന്ദീപിന് കുറ്റപത്രവും ആരോപണങ്ങളെ സംബന്ധിക്കുന്ന സ്റ്റേറ്റ്മെന്റും യഥാവിധി നൽകിയിരുന്നു.

2023 ജൂൺ 6 ന് ജി സന്ദീപ് കുറ്റപത്രവും ആരോപണങ്ങൾ സംബന്ധിക്കുന്ന സ്റ്റേറ്റ്മെന്റും കൈപ്പറ്റി. 2023 ജൂൺ 15 ന് ജി സന്ദീപ് കുറ്റപത്രത്തിനും ആരോപണങ്ങളെ സംബന്ധിക്കുന്ന സ്റ്റേറ്റ്‌മെന്റിനും പ്രതിവാദ പത്രിക സമർപ്പിച്ചു. ജി സന്ദീപ് സമർപ്പിച്ച പ്രതിവാദ പത്രിക പരിശോധിക്കുമ്പോൾ കൊലപാതക കുറ്റം ചെയ്തിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. അതായത് പൊതുവിദ്യാഭ്യാസ വകുപ്പ് ചുമത്തിയ കുറ്റാരോപണം പൂർണ്ണമായും ഇയാൾ അംഗീകരിച്ചു. സന്ദീപ് സമർപ്പിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ കെ ഇ ആർ അധ്യായം 14 എ ചട്ടം 75 പ്രകാരം വകുപ്പ് തല അന്വേഷണം നടത്തുന്നതിന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായ രാജു വിയെ അന്വേഷണ ഉദ്യോഗസ്ഥനായി കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ നിയമിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്ദീപ് എന്ന അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അതോടൊപ്പം അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും സമൂഹത്തെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണെന്നും അന്വേഷണത്തിൽ നിന്നും ബോധ്യപ്പെടുന്നു. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വ്യക്തമായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

ഇയാൾക്ക് എതിരായ എഫ്ഐആർ. പരിശോധിച്ചതിൽ നിന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അതിനീചമായ പ്രവൃത്തിയാണ് ഇയാൾ ചെയ്തതെന്ന് വ്യക്തമായിട്ടുള്ളതാണ്. സന്ദീപിന്റെ ഈ ദുഷ് പ്രവൃത്തികൾ അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പിനും തീരാ കളങ്കമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സന്ദീപിനെ ഭാവി നിയമനത്തിന് അയോഗ്യത കൽപിച്ചുകൊണ്ട് സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് താൽക്കാലികമായി തീരുമാനിച്ചു കൊണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസും റൂൾ 75 അന്വേഷണ റിപ്പോർട്ടും സന്ദീപ് 2023 ജൂലൈ 20ന് യഥാവിധി കൈപ്പറ്റിയിട്ടുണ്ട്. അഡ്‌ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദീപിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 2023 ജൂലൈ 29 ന് മറുപടി സമർപ്പിച്ചു. കാരണം കാണിക്കൽ നോട്ടീസിന് സന്ദീപ് നൽകിയ മറുപടിയിൽ ഇയാൾ പരസ്പര വിരുദ്ധമായ മറുപടികൾ നൽകി തന്റെ ഭാഗത്തു നിന്നും ഉണ്ടായ ക്രൂര കൃത്യത്തെ ന്യായീകരിക്കുന്ന വിധത്തിലാണെന്ന് കാണാവു ന്നതാണ്. ഇയാൾ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ താൻ നിമിത്തമാണ് ഡോക്ടർ വന്ദനാദാസ് മരണപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും കുത്തി പരിക്കേൽപ്പിക്കുകയും തുടർന്ന് ഡോക്ടർ വന്ദനാ ദാസ് മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ സന്ദീപിന്റെ യാതൊരു ന്യായീകരണവും അംഗീകരിക്കാവുന്നതല്ല. കാരണം കാണിക്കൽ നോട്ടീസിന് സന്ദീപ് നൽകിയ മറുപടി തൃപ്തികരം അല്ലാത്തതിനാൽ കെ ഇ ആർ അധ്യായം 14 എ ചട്ടം 65 ലെ (7) ൽ പരാമർശിക്കുന്ന വിധത്തിൽ ഭാവി നിയമനത്തിന് അയോഗ്യത കൽപിച്ചുകൊണ്ട് സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് താൽക്കാലികമായി തീരുമാനിച്ചത് സ്ഥിര പ്പെടുത്തി നൽകി നടപടിക്രമം പൂർത്തിയാക്കാൻ കെ.ഇ.ആർ. അധ്യായം 14 എ ചട്ടം 74 പ്രകാരം മുൻകൂർ അനുമതി ആവശ്യമാണ്.

കെ ഇ ആർ. അധ്യായം 14 എ ചട്ടം 74 പ്രകാരമുള്ള മുൻകൂർ അനുമതി ലഭിക്കുന്നതിന് അഡ്‌ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി സന്ദീപിന് എതിരെ കെ ഇ ആർ അധ്യായം 14 എ ചട്ടം 75 പ്രകാരമുള്ള വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് കെ ഇ ആർ അധ്യായം 14 എ ചട്ടം 74 പ്രകാരം മുൻകൂർ അനുമതി നൽകി ഉത്തരവ് യഥാവിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജി സന്ദീപിനെ കെ ഇ ആർ അധ്യായം 14 എ ചട്ടം 65 ലെ (7) ൽ പരാമർശിക്കുന്ന വിധത്തിൽ ഭാവി നിയമനത്തിന് അയോഗ്യത കൽപ്പിച്ചുകൊണ്ട് സേവനത്തിൽ നിന്നും നീക്കം ചെയ്തുകൊണ്ട് അഡ്‌ഹോക്ക് മാനേജരായ കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്”- മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More