തങ്ങളുടെ വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്താണ് ഈ സ്ക്കൂൾ സമൂഹത്തിന്റെ കൈയടി നേടുന്നത്.

October 10, 2022 - By School Pathram Academy

എത്രയെത്ര യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാർഥി കാലത്ത് കൂട്ടുക്കാരുമായി ചേർന്നുള്ള വിനോദയാത്രകൾ ഇന്നും ഓരോരുത്തരുടെയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഓർമകളായിരിക്കും. കുറെ സ്ഥലങ്ങൾ കാണുക എന്നതിലുപരി ഏറ്റവും പ്രിയപ്പെട്ടവരോട് ഒന്നിച്ചുള്ള യാത്രകളും ആഘോഷങ്ങളുമായിരിക്കും ഈ യാത്രയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം യാത്രകൾ സുരക്ഷിതമാക്കുക എന്നത് ഏറ്റവും പ്രാധ്യനമുള്ളതും ഉത്തരവാദിത്വത്തോടെ നിറവേറ്റപ്പെടേണ്ടതുമായ ഒന്നാണ്.

സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ടൂറിസ്റ്റ് ബസുകളുടെ വീഡിയോയുടെയും ചിത്രങ്ങളുടെയും പകിട്ടിൽ വാഹനങ്ങളുടെ സുരക്ഷ പരിഗണിക്കാതെ ‘അടിപൊളി’ ടൂറിസ്റ്റ് ബസുകൾ തേടി പോകുന്ന വിദ്യാർഥികൾക്കും ടൂർ സംഘാടകർക്കുമിടയിൽ വ്യത്യസ്തരാകുകയാണ് വിളക്കുമാടം സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ വിദ്യാർഥികളും അധ്യാപകരും. തങ്ങളുടെ വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്താണ് ഇവർ സമൂഹത്തിന്റെ കൈയടി നേടുന്നത്.

ദിസങ്ങളുടെ ദൈർഘ്യമുള്ള വിനോദയാത്രയൊന്നുല്ല ഒരുക്കിയതെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്രയൊരുക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് സ്കൂൾ അധികൃതർ. വിളക്കുമാടം സ്കൂളിൽ നിന്ന് വാഗമണ്ണിലേക്കായിരുന്നു വിനോദയാത്ര. 30 വിദ്യാർഥികളും ആറ് അധ്യാപകരും ഉൾപ്പെടുന്നതായിരുന്നു വിനോദയാത്ര സംഘം. രാവിലെ 8.30-ഓടെ സ്കൂളിൽ നിന്ന് ആരംഭിച്ച് വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് പൈൻ ഫോറസ്റ്റ്, മുട്ടക്കുന്ന്, അഡ്വഞ്ചറസ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ട് വൈകുന്നേരത്തോടെ സ്കൂളിൽ മടങ്ങിയെത്തുന്നതായിരുന്നു ഈ യാത്ര.

വിദ്യാർഥികളോട് വിനോദയാത്രയുടെ വിവരം അറിയിച്ച് കുട്ടികൾ അതിന്റെ ത്രില്ലിൽ ഇരുക്കുമ്പോഴായിരുന്നു വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയിൽ അപകടത്തിൽ പെട്ട സംഭവമുണ്ടാകുന്നത്. തുടർന്ന് സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിൽ പരിശോധന നടത്തുകയും നിരവധി വാഹനങ്ങളിൽ നിയമലംഘങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം വിളക്കുമാടം സ്കൂളിലെ വിദ്യാർഥികൾ ടൂറിന് പോകാനിരുന്ന ബസിനും എം.വി.ഡി. അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ, വിനോദയാത്രയെന്ന വിദ്യാർഥികൾക്ക് നൽകിയ വാക്കിൽ നിന്ന് പിന്നോട്ട് പോകാൻ ഇവിടുത്തെ അധ്യാപകർ ഒരുക്കമല്ലായിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകളിലും മറ്റും ടൂർ പോകുന്ന സംഭവങ്ങൾ ഓർത്തെടുത്ത ഇവർ തൊട്ടടുത്ത കെ.എസ്.ആർ.ടി.സി. ഡിപ്പോയായ പാല കെ.എസ്.ആർ.ടി.സി. അധികൃതരെ സമീപിക്കുകയും ആവശ്യമറിയിക്കുകയുമായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ തന്നെ സ്കൂൾ അധികൃതരുടെ ആവശ്യം കെ.എസ്.ആർ.ടി.സി. അംഗീകരിക്കുകയും യാത്രയ്ക്കുള്ള അവസരം ഒരുക്കുകയുമായിരുന്നു.

സ്വകാര്യ ടൂറിസ്റ്റ് ബസുമായി പറഞ്ഞ് ഉറപ്പിച്ച തുകയിൽ നിന്ന് നേരിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി. ബസിലെ വിനോദയാത്ര അധ്യാപകർക്കും വിദ്യാർഥികൾക്കും വേറിട്ട അനുഭവമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചറായി സർവീസ് നടത്തുന്ന ബസിലായിരുന്നു സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ വിനോദയാത്ര.

Category: News