തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വീണ് പരിക്കേറ്റ് ചലനശേഷിപോലും വീണ്ടെടുക്കാനാവാതെ നരകജീവിതമനുഭവിക്കയാണ് ഒരധ്യാപിക
മണ്ണാർക്കാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വീണ് പരിക്കേറ്റ് ചലനശേഷിപോലും വീണ്ടെടുക്കാനാവാതെ നരകജീവിതമനുഭവിക്കയാണ് ഒരധ്യാപിക. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനാൽ അവശതാവധിക്ക് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തിൽ കഴിയുകയാണ് ഈ കുടുംബം.
ഒറ്റപ്പാലം കടമ്പൂർ ഗവ. ഹൈസ്‌കൂൾ അധ്യാപിക എൻ.വി. വിദ്യാലക്ഷ്മിയാണ് അവശത അവധി ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അവധി ലഭിക്കാത്തതിനാൽ ഒരുവർഷമായി ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളുമില്ല.
2021 ഏപ്രിൽ ആറിനാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അഗളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ മുകളിൽനിന്ന് വിദ്യാലക്ഷ്മി വീഴുന്നത്. നട്ടെല്ലിന് പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലാണെങ്കിലും ചലനശേഷിയുടെ കാര്യത്തിൽ ഇതുവരെ പുരോഗതിയുണ്ടായില്ല. ഇപ്പോൾ വെല്ലൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ മൂന്നുമാസമായി ചികിത്സയിലാണ്.
സംഭവംനടന്ന് രണ്ടുമാസത്തിന് ശേഷം തന്നെ പ്രത്യേക അവശാവധിക്കായി അപേക്ഷിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് നീങ്ങിയ അപേക്ഷ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നാണ് അധികൃതരുടെ മറുപടി. അവധി ഉത്തരവ് ലഭിക്കാത്തതിനാൽ ശമ്പളംമുടങ്ങിയിട്ട് ഒമ്പതുമാസമായെന്നും ചികിത്സയ്‌ക്കായി സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്നും കുടുംബം പറയുന്നു.
കെ. പ്രേംകുമാർ എം.എൽ.എ.യുടെയും വിവിധ അധ്യാപകസംഘടനകളുടെയും ഇടപെടലിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഏഴരലക്ഷംരൂപ ചികിത്സയ്ക്കായി അനുവദിച്ചിരിന്നു. എന്നാൽ, ഇതുവരെ ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം ചെലവായതായി അവർ പറയുന്നു. ആറുവയസ്സുകാരി മകൾ മുത്തശ്ശിയുടെ സംരക്ഷണത്തിലാണുള്ളത്. ആരോഗ്യവകുപ്പിൽ ജീവനക്കാരനായ അധ്യാപികയുടെ ഭർത്താവ് അവധിയെടുത്ത് പരിചരിക്കുന്നതിനാൽ ആ വരുമാനവും നിലച്ച സാഹചര്യമാണുള്ളത്.
ചികിത്സയ്ക്കും യാത്രയ്ക്കും മരുന്നിനുമായി ദിനംപ്രതി ചെലവാകുന്ന തുക വളരെ വലുതാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ സമീപനം പ്രതീക്ഷിച്ച് കഴിയുകയാണ് ഈ കുടുംബം.